ന്യൂസിലാന്‍റിലാണ് ചിത്രത്തിന്‍റെ ചിത്രീകരണം വീണ്ടും തുടങ്ങുക. ന്യൂസിലാന്‍റിലെത്തി 14 ദിവസത്തെ ക്വാറന്‍റൈന് ശേഷം ചിത്രീകരണം തുടങ്ങും
ജെയിംസ് കാമറൂണിന്‍റെ വെള്ളിത്തിര വിസ്മയം അവതാറിന്‍റെ രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം പുനരാരംഭിക്കുന്നു. ന്യൂസിലാന്‍റിലാണ് ചിത്രത്തിന്‍റെ ചിത്രീകരണം വീണ്ടും തുടങ്ങുക. ന്യൂസിലാന്‍റിലെത്തി 14 ദിവസത്തെ ക്വാറന്‍റൈന് ശേഷം ചിത്രീകരണം തുടങ്ങും.
ലോക്ഡൗണില്‍ ഇളവ് വന്നതോടെയാണ് സംവിധായകനും സംഘവും ന്യൂസിലന്‍റിലേക്ക് പറന്നത്. ഹോളിവുഡിലായിരുന്നു ഇതുവരെയുള്ള ചിത്രീകരണം നടന്നത്. ഭൂമിയിലെ മനുഷ്യരും പണ്ടോര ഗ്രഹത്തിലെ നവി വംശക്കാരും തമ്മിലുള്ള സംഘർഷത്തിന്‍റെ കഥ പറഞ്ഞ അവതാർ 2009ലാണ് പുറത്തിറങ്ങിയത്. നാലര വർഷം കൊണ്ട് ചിത്രീകരണം നടത്തിയ സിനിമ 2.7 മില്യൺ ഡോളർ ലോകമെമ്പാടുമുള്ള തിയേറ്റുകളിൽ നിന്ന് കളക്ഷൻ സ്വന്തമാക്കിയിരുന്നു.
സിനിമയുടെ മിക്ക ഭാഗങ്ങളും ചിത്രീകരിക്കുന്നത് വെള്ളത്തിന് അടിയിലാണ്. നേരത്തെ തന്നെ അവതാർ 2ന്റെ ലൊക്കേഷൻ ഫോട്ടോകൾ വൈറലായിരുന്നു. കഥയിലെ മുഖ്യ കഥാപാത്രങ്ങളായ ജേക്കിനെയും നെയിത്രിയെയും അവതരിപ്പിക്കുന്നത് സാം വർത്തിംഗ്ടൺ, സൊയേ സൽഡാന എന്നിവരാണ്. ജേക്കിനെയും നെയിത്രിയെയും ചുറ്റിപ്പറ്റിയാണ് രണ്ടാം ഭാഗത്തിൽ കഥ വികസിക്കുന്നത്. ജേക്ക് ഗോത്രത്തലവൻ ആകുമെന്നാണ് സൂചന. പൻഡോറയിലെ ജലാശയങ്ങളിൽ ദമ്പതികൾ നടത്തുന്ന സാഹസികയാത്രയാണ് അവതാർ രണ്ടാം ഭാഗത്തിന്‍റെ പ്രത്യേകതയെന്നും റിപ്പോര്‍ട്ടുകളുണ്ട്. 500 കോടി രൂപ ചെലവിലാണ് ചിത്രം ഒരുങ്ങുന്നത്. 20ത്ത് സെഞ്ച്വറി സ്റ്റുഡിയോ, ലൈറ്റ് സ്റ്റോം എന്‍റര്‍ടെയ്ന്‍മെന്‍റ് എന്നീ നിർമാണക്കമ്പനികളാണ് സിനിമ നിർമിക്കുന്നത്.