യുഎസില്‍ കണ്ടെത്തിയ ചൈനീസ് ചാരബലൂണുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് അമേരിക്ക. ആന്റിനകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചാരബലൂണില്‍ കണ്ടെത്തി. ഇവ ആശയവിനിമയത്തില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
ചാരബലൂണുകള്‍ സിഗ്നലുകള്‍ ശേഖരിച്ചിരുന്നെന്ന് സംശയിക്കുന്നതായും യുഎസ് ചൂണ്ടിക്കാട്ടുന്നു. ചൈനീസ് ചാരബലൂണ്‍ രാജ്യത്തിന് ഭീഷണിയാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ആവര്‍ത്തിച്ചു. രണ്ട് ദിവസം മുന്‍പാണ് അമേരിക്ക ചൈനീസ് ചാരബലൂണ്‍ വെടിവച്ചിട്ടത്.
വടക്കേ അമേരിക്കന്‍ വ്യോമാതിര്‍ത്തിയിലാണ് ജനുവരി 28 മുതല്‍ ഈ മാസം 4 വരെ ചൈനീസ് ചാരബലൂണിനെ കണ്ടെത്തിയത്. ചൈനയുടെ ചാരപ്രവൃത്തിയിലേക്ക് നീളുന്ന അമേരിക്കയുടെ സംശയം പക്ഷേ, ചൈന തള്ളുന്നു. കാലാവസ്ഥാ നിരീക്ഷണവുമായി ബന്ധപ്പെട്ടതാണ് ബലൂണെന്നാണ് ചൈനയുടെ വാദം. നാലാം തീയതിയാണ് പ്രസിഡന്റ് ജോ ബൈഡന്റെ ഉത്തരവ് പ്രകാരം യുഎസ് വ്യോമസേന തെക്കന്‍ കരോലിന തീരത്ത് വച്ച് ബലൂണ്‍ വെടിവച്ചിട്ടത്. ഏതാണ്ട് 60 മീറ്ററോളം ഉയരത്തിലാണ് ബലൂണ്‍ കണ്ടെത്തിയത്.
ചൈനയുടെ നീക്കം യുഎസിനെ മാത്രം ലക്ഷ്യംവച്ചുള്ളതല്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. ബലൂണില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ മറ്റ് രാജ്യങ്ങളുമായി പങ്കുവച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ബലൂണ്‍ വെടിവെച്ച് വീഴ്ത്തിയതിലൂടെ അമേരിക്ക അന്താരാഷ്ട്ര നിയമം ലംഘിച്ചുവെന്ന് ചൈന ആരോപിച്ചു.
ജപ്പാന്, ഇന്ത്യ, വിയറ്റ്നാം, തായ്വാന്, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളെ കൂടി ലക്ഷ്യമിട്ടാണ് ചാര ബലൂണ്‍ പ്രവര്‍ത്തിക്കുന്നതെന്ന് യുഎസ് വിശ്വസിക്കുന്നു. വാഷിംഗ്ടണ്‍ പോസ്റ്റാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വടക്കന്‍, തെക്കേ അമേരിക്ക, തെക്കുകിഴക്കന്‍ ഏഷ്യ, കിഴക്കന്‍ ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളില്‍ സമാനമായ ചാരബലൂണുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കരുതുന്നുവെന്നും യുഎസ് പ്രതിരോധ വകുപ്പ് വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ പാറ്റ് റൈഡര്‍ പറഞ്ഞു.