World

സ്ത്രീകൾക്ക് ഇസ്ലാമിക അവകാശങ്ങൾ നൽകണം; താലിബാൻ നേതാവ്

സ്ത്രീകളുടെ വിദ്യാഭ്യാസ അവകാശങ്ങളെ പിന്തുണച്ച് താലിബാന്റെ മുതിർന്ന നേതാവ് ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായി. രാജ്യത്തെ സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. അഫ്ഗാൻ സംസ്‌കാരത്തിലും ഇസ്ലാമിക മൂല്യങ്ങളിലും അധിഷ്ഠിതമായ അവകാശങ്ങൾ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുൻ ഇസ്ലാമിക് എമിറേറ്റ് നേതാവ് മുല്ല അക്തർ മുഹമ്മദ് മൻസൂറിന്റെ ചരമവാർഷിക ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായി നിലപാട് അറിയിച്ചത്. “അഫ്ഗാനിസ്ഥാനിലെ ജനസംഖ്യയുടെ പകുതിയും സ്ത്രീകളാണ്. ഇവർക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെടുന്നു, ശരീഅത്തിന്റെ പാഠങ്ങൾ എവിടെ നിന്ന് പഠിക്കും?” മുഹമ്മദ് അബ്ബാസ് ചോദിച്ചു.

സാമ്പത്തിക വികസനത്തിനായുള്ള സർക്കാർ ബജറ്റിനെയും സ്റ്റാനിക്‌സായി വിമർശിച്ചു. സാമ്പത്തിക വെല്ലുവിളികൾ കാരണം ആളുകൾ രാജ്യം വിടേണ്ടിവരുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതേ സമ്മേളനത്തിൽ സംസാരിച്ച മറ്റൊരു താലിബാൻ നേതാവ് മുല്ല മുഹമ്മദ് യാക്കൂബ് അഫ്ഗാനിസ്ഥാനിലെ സാമ്പത്തിക ഉപരോധത്തെ വിമർശിച്ചതായി ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു.

ആറാം ക്ലാസിന് മുകളിലുള്ള വിദ്യാർത്ഥികളെ സ്‌കൂളിൽ പോകുന്നതിൽ നിന്ന് വിലക്കാനുള്ള താലിബാന്റെ തീരുമാനം ദേശീയ അന്തർദേശീയ തലങ്ങളിൽ വ്യാപകമായ വിമർശനത്തിന് ഇടയാക്കിയിരുന്നു.