World

ഇറാൻ റെവല്യൂഷണറി ഗാർഡിലെ കേണൽ കൊല്ലപ്പെട്ടു

ഇറാനിയൻ റെവല്യൂഷണറി ഗാർഡിലെ ഒരു കേണൽ ടെഹ്‌റാനിൽ വെടിയേറ്റ് മരിച്ചു. മോട്ടോർ ബൈക്കിലെത്തിയ രണ്ട് പേർ കേണൽ സയാദ് ഖോഡായിയെ അഞ്ച് തവണ വെടിവെച്ചതായി റിപ്പോർട്ട്. ഞായറാഴ്ച നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്.

2020-ൽ ഒരു പ്രമുഖ ആണവ ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ടതിന് ശേഷം ഇറാനിലുണ്ടായ ഏറ്റവും വലിയ സുരക്ഷാ വീഴ്ചയാണ് ഇതെന്നാണ് വിലയിരുത്തൽ. വീട്ടുമുറ്റത്തെ കാറിൽ ഇരിക്കവെയാണ് കേണൽ സയാദിന് വെടിയേൽക്കുന്നത്. ‘എലൈറ്റ് ഖുദ്‌സ് ഫോഴ്‌സിലെ’ മുതിർന്ന അംഗമായിരുന്നു കേണൽ ഖോദായ്. വിദേശത്ത് പ്രവർത്തനങ്ങൾ നടത്തുന്ന റെവല്യൂഷണറി ഗാർഡിന്റെ (IRGC) ഷാഡോ പോലെയുള്ള ഒരു ബാഹ്യ സേനയാണ് എലൈറ്റ് ഖുദ്‌സ് ഫോഴ്സ്.

ഇത്തരം ഉന്നത കൊലപാതകങ്ങൾക്ക് പിന്നിൽ ഇസ്രായേൽ ആണെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ നേരത്തെ ആരോപിച്ചിരുന്നു. കൊലപാതകത്തെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നതോടെ, റവല്യൂഷണറി ഗാർഡുകൾ ഇസ്രായേലി ചാരന്മാരുടെ ഒരു ശൃംഖല കണ്ടെത്തുകയും, മുഴുവൻ പേരെയും അറസ്റ്റ് ചെയ്തതായി ഇറാനിയൻ സ്റ്റേറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. എന്നാൽ ഇസ്രയേലിൽ നിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. സമീപ വർഷങ്ങളിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഉന്നത ഖുദ്‌സ് ഫോഴ്‌സ് നേതാവാണ് ഖോദായി.