സ്വന്തം ജനതയെ ഓര്‍ത്തെങ്കിലും യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനോട് അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. യുദ്ധം ആരംഭിച്ച ശേഷം ഇതാദ്യമായാണ് മാര്‍പ്പാപ്പ പുടിനോട് ഇത്തരമൊരു അഭ്യര്‍ത്ഥനയുമായി രംഗത്തെത്തുന്നത്. അക്രമത്തിന്റേയും മരണത്തിന്റേയും അപകടകരമായ ഈ ചുഴിയില്‍ നിന്ന് പുറത്തുകടക്കാനാണ് മാര്‍പ്പാപ്പ ആവശ്യപ്പെടുന്നത്. ( Pope Francis begs Putin to end Ukraine war)
യുദ്ധം സൃഷ്ടിച്ച ഈ നരകതുല്യമായ അവസ്ഥയെ ശക്തമായി അപലപിക്കുന്നതായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രസ്താവിച്ചു. ആണവ ആയുധങ്ങള്‍ പ്രയോഗിക്കപ്പെടാനുള്ള സാധ്യത പോലും നിലനില്‍ക്കുന്ന അപകടകരമായ സാഹചര്യമാണ് നിലവിലുള്ളത്. അന്താരാഷ്ട്ര തത്വങ്ങള്‍ക്ക് വിരുദ്ധമായ തുടര്‍നടപടികളെ താന്‍ ഭയപ്പെടുന്നതായും മാര്‍പ്പാപ്പ പ്രസ്താവിച്ചു.
യുദ്ധം ലോകമെമ്പാടും സൃഷ്ടിക്കുന്ന വിനാശകരമായ പ്രത്യാഘാതങ്ങളില്‍ തനിക്ക് ആശങ്കയുണ്ടെന്നും മാര്‍പ്പാപ്പ പറഞ്ഞു. മരണക്കളി അവസാനിപ്പിക്കണമെന്ന് വഌദിമിര്‍ പുടിനോട് അഭ്യര്‍ത്ഥിച്ച മാര്‍പ്പാപ്പ യുക്രൈന് പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്കിയോട് സമാധാനത്തിനായുള്ള നിര്‍ദേശങ്ങളെ സ്വാഗതം ചെയ്യണമെന്നും നിര്‍ദേശിച്ചു.