യുക്രൈനിലെ സിവിലിയൻ കേന്ദ്രത്തിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് . ദക്ഷിണ സപൊറീഷ്യയിലാണ് വാഹനവ്യൂഹത്തിന് നേരെ ഷെൽ ആക്രമണമുണ്ടായത്. വ്യോമാക്രമണത്തിൽ 28 പേർക്ക് പരുക്കേറ്റിട്ടുണ്ട്. എല്ലാവരും സിവിലിയന്മാരാണ്. അതിനിടെ റഷ്യൻ അധിനിവേശ പ്രദേശമായ സപൊറീഷ്യയിലെ ക്രെംലിൻ അനുകൂല ഉദ്യോഗസ്ഥൻ ആക്രമണത്തിന് പിന്നിൽ യുക്രൈൻ ആണെന്ന് കുറ്റപ്പെടുത്തി.
റഷ്യയോട് കൂട്ടിച്ചേർക്കാനായി കഴിഞ്ഞ ആഴ്ച ഹിതപരിശോധന നടത്തിയ നാല് പ്രദേശങ്ങളിലൊന്നാണ് സപൊറീഷ്യ. മറ്റൊരു സംഭവത്തിൽ റഷ്യയുടെ നിയന്ത്രണത്തിലുള്ള തെക്കൻ യുക്രെയ്നിയൻ പ്രദേശമായ കേഴ്സണിൽ മോസ്കോ നിയമിച്ച ഉദ്യോഗസ്ഥൻ യുക്രൈൻ സേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അദ്ദേഹം താമസിച്ചിരുന്ന വീടിന് മേൽ റോക്കറ്റ് പതിക്കുകയായിരുന്നു.
അതേസമയം യുക്രൈന്റെ നാല് പ്രദേശങ്ങള്‍ റഷ്യക്ക് സ്വന്തമായി . യുക്രൈന്റെ നാല് വിമത പ്രദേശങ്ങളെ റഷ്യയോട് കൂട്ടിചേര്‍ത്തുള്ള ഉടമ്പടിയില്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിനും അതാത് പ്രദേശങ്ങളിലെ ഭരണാധികാരികളും ഒപ്പുവെച്ചു. ക്രെംലിനിലെ സെയ്ന്റ് ജോര്‍ജ് ഹാളില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 5.30-നായിരുന്നു ചടങ്ങ്. നാല് പ്രാദേശിക നേതാക്കള്‍ ഒരു ടേബിളിലും അതില്‍ നിന്ന് ഏറെ അകലത്തില്‍ മറ്റൊരു ടേബിളിലും ഇരുന്നാണ് ഉടമ്പടിയില്‍ ഒപ്പുവെച്ചത്.