Weather

എറണാകുളത്ത് റെഡ് അലേർട്ട്

കനത്ത മഴ തുടരുന്ന എറണാകുളം ജില്ലയിൽ ഇന്ന് റെഡ് അലേർട്ട്. ജില്ലാ കളക്ടർ എസ് സുഹാസ് ആണ് വിവരം അറിയിച്ചത്. നാളെയും മറ്റന്നാളും ജില്ലയിൽ ഓറഞ്ച് അലേർട്ടാണ്. ഇതോടെ, സംസ്ഥാനത്തെ അഞ്ച് ജില്ലകളിലാണ് ആകെ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ ഒഴികെ മറ്റ് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. ലക്ഷദ്വീപിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു.

ഇന്ന് തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് റെഡ് അലേർട്ട് ഉള്ളത്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ റെഡ് അലേർട്ട് ആണ്.

കേരളത്തിൽ തീരദേശ മേഖലകളിൽ കനത്ത മഴയും കടലാക്രമണവും തുടരുകയാണ്. തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ജില്ലയിൽ 261 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. നെയ്യാർ ഡാം ഷട്ടറുകൾ 10 സെന്റീമീറ്റർ ഉയർത്തി. അരുവിക്കര ഡാമിന്റെ ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്. കടലാക്രമണത്തിൽ 13 വീടുകൾ തകർന്നു. അപ്പർകുട്ടനാട്ടിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കൊല്ലത്ത് പരവൂർ, അഴീക്കൽ തീരത്ത് ജാഗ്രത തുടരുകയാണ്. 356 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ടൗട്ടെ ചുഴലിക്കാറ്റ് നേരിട്ട് കേരളത്തെ ബാധിക്കില്ലെങ്കിലും വടക്കൻ കേരളത്തിൽ ശക്തമായ സ്വാധീനമുണ്ടാകും.