അമേരിക്കൻ ഇ-കോമേഴ്‌സ് കമ്പനിയായ ആമസോണ്‍ മൊബൈൽ ആപ്പ് ലോഗോ മാറ്റി. ലോഗോയിലെ നീല സ്റ്റിക്കർ ടെയ്പ്പിന്റെ ഭാഗം ജർമൻ സേച്ഛാധിപതി അഡോൾഫ് ഹിറ്റ്ലറിന്റെ മീശയുമായി സാമ്യമുള്ളതാണ് എന്ന് സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ ഉയര്‍ന്നിരുന്നു. പോസ്റ്റ് കവറിനോട് സാമ്യം തോന്നുന്ന തവിട്ട് നിറത്തിന്റെ പശ്ചാത്തലത്തിൽ ആമസോണിന്റെ പ്രശസ്തമായ ആരോ ലോഗോയും മുകൾ ഭാഗത്ത് നീല നിറത്തിൽ സ്റ്റിക്കർ ടേപ്പ് ഒട്ടിച്ചതുപോലെ തോന്നിപ്പിക്കുന്നതുമായിരുന്നു പഴയ ലോഗോ.
ഹിറ്റ്ലറിന്റെ മീശയുമായുള്ള സാമ്യമാണഓ പുത്തൻ ലോഗോയിൽ മാറ്റങ്ങൾ വരുത്തിയതിന് പിന്നിൽ എന്ന് ആമസോണ്‍ വ്യക്തമാക്കിയിട്ടില്ല എങ്കിലും ഈ നീല നിറത്തിലുള്ള ഭാഗത്തിനാണ് മാറ്റം വരുത്തിയത്. സ്റ്റിക്കർ ടേപ്പ് ഒരു കട്ടർ ഉപയോഗിച്ച് മുറിച്ചാൽ ലഭിക്കുന്ന ഏറിയും ഇറങ്ങിയുമുള്ള കട്ടിന് പകരം പരിഷ്ക്കരിച്ച ലോഗോയിൽ ഒരു ഭാഗത്തെ പേപ്പർ മടക്കി വച്ചതുപോലെയാണ് ക്രമീകരണം.
പരിഷ്കരിച്ച ലോഗോയും വെറുതെ വിടാന്‍ സാമൂഹിക മാധ്യമങ്ങള്‍ തയ്യാറായിട്ടില്ല. അനിമേഷൻ ടിവി സീരീസ് ആയ അവതാർ: ദി ലാസ്റ്റ് എയർബെൻഡറിലെ ആങ് എന്ന കഥാപാത്രത്തിന്റെ തലയിലെ വര പോലെയുണ്ട് പുതിയ ലോഗോ എന്നാണ് സാമൂഹിക മാധ്യമങ്ങളുടെ പുതിയ കണ്ടുപിടുത്തം. ഇല്ലാത്തതുകൊണ്ട് ഇതുവരെ ആമസോണിന് തലവേദനയുണ്ടായിട്ടില്ല.
ജനുവരിയിൽ ഇന്ത്യൻ ഓൺലൈൻ വസ്ത്രവ്യാപാര വെബ്‌സൈറ്റ് ആയ മിന്ത്രയും തങ്ങളുടെ ലോഗോ മാറ്റിയിരുന്നു. മുംബൈ പോലീസിന്റെ സൈബർ ക്രൈം ഡിപ്പാർട്മെൻറിൽ രജിസ്റ്റർ ചെയ്ത കേസ് അനുസരിച്ച് മിന്ത്രയുടെ പ്രശസ്തമായ M ലോഗോയുടെ നിറഭേദങ്ങൾ നഗ്നയായ സ്ത്രീയെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്നായിരുന്നു വാദം. സ്ത്രീകളെ അപമാനിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമാണ് മിൻത്രയുടെ ലോഗോ എന്ന കേസിനെ തുടർന്ന് മിന്ത്ര ലോഗോയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിരുന്നു.