Uncategorized

സംവരണം: ഇടത് മുന്നണി വന്നാലും വലത് മുന്നണി വന്നാലും രക്ഷയില്ലെന്ന് വെള്ളാപ്പള്ളി

സംവരണ വിഷയത്തില്‍ ഇടത് മുന്നണി വന്നാലും വലത് മുന്നണി വന്നാലും രക്ഷയില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ലീഗ് ഉൾപ്പെടെയുള്ളവരുടെ കൂടെ സമരത്തിൽ പങ്കെടുക്കാത്തതിൽ കാരണമുണ്ട്. സമരത്തിന് വേണ്ടി വിളിക്കുമ്പോൾ ചെല്ലാനും പിന്നെ കരിമ്പിൻ ചണ്ടി പോലെ കളയാനും ഇനി ഇല്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

സാമ്പത്തിക സംവരണത്തെ എതിർക്കുന്ന ലീഗ് യുഡിഎഫിൽ നിന്ന് പുറത്ത് വരാൻ തയ്യാറുണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. മുന്നാക്ക സംവരണം നടപ്പിലാക്കിയ സർക്കാർ നടപടിക്കെതിരെ എസ്എൻഡിപിയുടെ പ്രതിഷേധം നടക്കുകയാണ്.

സംവരണ പോരാട്ടത്തിലെ പ്രധാന നീക്കമായിരുന്ന ഈഴവ മെമ്മോറിയലിന് നേതൃത്വം നല്‍കിയ ഡോ പല്‍പ്പുവിന്‍റെ ജന്മദിനമായ നവംബര്‍ രണ്ട് ജനസംഖ്യാ ആനുപാതിക പ്രാതിനിധ്യ അവകാശ ദിനമായി ആചാരിക്കാനാണ് എസ്.എന്‍.ഡി.പി യോഗം യൂണിയനുകൾക്ക് നൽകിയ നിർദ്ദേശം. കണിച്ചുകുളങ്ങരയില്‍ വെള്ളാപ്പള്ളി നടേശന്‍‌ ഉദ്ഘാടനം ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന പരിപാടിയില്‍ സംവരണ സംരക്ഷണ പ്രതിജ്ഞയും അംഗങ്ങള്‍ ചൊല്ലി.