തമിഴ്നാട്ടിൽ മഴയെ തുടർന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ ധനസഹായം. സഹായം ഒരാഴ്ച്ചയ്ക്കുള്ളിൽ കൈമാറുമെന്ന് റവന്യൂ മന്ത്രി കെ കെ എസ് എസ് ആർ രാമചന്ദ്രൻ. 14 പേരാണ് മഴക്കെടുതിയിൽ മരിച്ചത്. കനത്ത മഴയെ തുടർന്ന് ചെന്നൈയിലെ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
ചെന്നൈയിലും സമീപ ജില്ലകളിലും ശക്തമായ മഴയ്ക്ക് ശമനമുണ്ടായിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ശേഷം നഗരത്തിൽ കാര്യമായി മഴ പെയ്തില്ല.എന്നാൽ നഗരത്തിലെ പലയിടത്തും വെളളക്കെട്ട് തുടരുകയാണ്. അഞ്ഞൂറിൽ അധികം ഇടങ്ങളിലാണ് രൂക്ഷമായ വെള്ളക്കെട്ട് പ്രതിസന്ധി സൃഷ്ടിച്ചത്. ഇതിൽ ഭൂരിഭാഗം ഇടങ്ങളിലും നിലവിൽ വെള്ളം ഇറങ്ങിയിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഇന്നലെ വൈകീട്ട് കര കടന്നു. മഴയുടെ ശക്തി കുറഞ്ഞതിനാൽ ശക്തമായ മഴ മുന്നറിയിപ്പുകൾ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പിൻവലിച്ചു. ചെന്നൈ, കടലൂർ, നീലഗിരി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്.