Kerala Uncategorized

ലോക്ക്ഡൗണിൽ തട്ടുകടകൾ തുറക്കരുത്; ബാങ്കുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തിക്കണം: മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് ബാധ രൂക്ഷമാകിഉന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കൂടുതൽ ജാഗരൂകരാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാളെ മുതൽ സംസ്ഥാനത്ത് നടപ്പാക്കിയിട്ടുള്ള സമ്പൂർണ ലോക്ക്ഡൗണുമായി ജനങ്ങൾ സഹകരിക്കണം. ലോക്ക്ഡൗണിൽ തട്ടുകടകൾ തുറക്കരുത്. ബാങ്കുകൾ ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ മാത്രമേ പ്രവർത്തിക്കാവൂ. വർക്ക് ഷോപ്പുകൾക്ക് ആഴ്ചാവസാനത്തിലെ രണ്ട് ദിവസം പ്രവർത്തിക്കാം എന്നും മുഖ്യമന്ത്രി പറഞ്ഞു.

കര്‍ശന നിയന്ത്രണത്തിലൂടെ രോഗവ്യാപനം പിടിച്ച് കെട്ടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തുപോകുന്നവർ പൊലീസില്‍ നിന്ന് പാസ് വാങ്ങണം. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നവർ നിർബന്ധമായും കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ജില്ല വിട്ടുള്ള യാത്രകൾക്ക് പ്രത്യേക പാസ് വേണ്ടതില്ല. ഇത്തവണയും പാസ് വേണമെന്ന് ചിലർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. അവർക്കെതിരെ നടപടി എടുക്കും. ജില്ല വിട്ടുള്ള യാത്രകൾ പരമാവധി ഒഴിവാക്കണം. തീരെ ഒഴിവാക്കാൻ പറ്റാത്ത തരത്തിലുള്ള യാത്ര ചെയ്യുന്നവർ സത്യവാങ്മൂലം കയ്യിൽ കരുതണം.

വീടിനുള്ളിലും കരുതൽ വേണം. ഭക്ഷണം കഴിക്കൽ, പ്രാർത്ഥന തുടങ്ങുയ കാര്യങ്ങൾ കൂട്ടത്തോടെ ചെയ്യുന്നത് ഒഴിവാക്കണം. രോഗികളുടെ എണ്ണം ഉയർന്നാൽ മരണസംഖ്യയും വർധിക്കും. ലോക്ക്ഡൗൺ പ്രഖ്യാപിച്ച ഉടനെ രോഗികളുടെ എണ്ണം കുറയില്ല. അതിന് ഒരാഴ്ചയിൽ കൂടുതൽ സമയം എടുക്കും. ലോക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പാക്കാനായി 25,000 പൊലീസ് ഉദ്യോഗസ്‌ഥരെ നിയോഗിച്ചു.