Uncategorized

കൊവിഡിനെതിരായ പോരാട്ടം അവസാനഘട്ടത്തില്‍; ജാഗ്രത തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

കൊവിഡ് വ്യാപനം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ. കൊവിഡിനെതിരായ പോരാട്ടവും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങളും അവസാനഘട്ടത്തിലാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യമന്ത്രിമാരുമായി വെര്‍ച്വല്‍ ആയി നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

അര്‍ഹരായ എല്ലാവര്‍ക്കും കൊവിഡ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കുന്നത് പൂര്‍ത്തീകരിക്കണമെന്ന് ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. രാജ്യത്ത് 12 കോടി ജനങ്ങള്‍ രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാനുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കൊവിഡിനെതിരായ പോരാട്ടം അവസാനഘട്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയ കേന്ദ്രമന്ത്രി പോരാട്ടം അവസാനിക്കാതെ ജാഗ്രത കൈവിടരുതെന്നും വ്യക്തമാക്കി.

നിലവില്‍ 38 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി പൊതുജനാരോഗ്യ പരിപാടികളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഇതിനായി സാമൂഹിക-സാംസ്‌കാരിക രംഗത്തുള്ളവര്‍, ജാതി-മത നേതാക്കള്‍ എന്നിവരുടെ സഹകരണം ഉറപ്പാക്കണം.

റെയില്‍ വേ സ്റ്റേഷനുകള്‍, ബസ് സ്റ്റോപ്പുകള്‍ എന്നിവിടങ്ങളിലും വാക്‌സിനേഷന്‍ സെന്ററുകള്‍ ആരംഭിക്കും. ഓട്ടോറിക്ഷ തൊഴിലാളികള്‍, കച്ചവടക്കാര്‍ തുടങ്ങിയ വ്യത്യസ്ത വിഭാഗങ്ങളിലുള്ളവര്‍ക്ക് പ്രത്യേക വാക്‌സിനേഷന്‍ ആസൂത്രണം ചെയ്യാമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.