Uncategorized

കൊറോണ വെറുംതട്ടിപ്പെന്ന് കരുതി; കോവിഡ് പാര്‍ട്ടിയില്‍ പങ്കെടുത്ത യുവാവ് മരിച്ചു

‘നിങ്ങള്‍ക്കറിയുമോ ഞാന്‍ ചെയ്തത് തെറ്റാണ്’, എന്നാണ് യുവാവ് തന്നെ ശുശ്രൂഷിച്ച നഴ്സിനോട് പറഞ്ഞത്.

അമേരിക്കയില്‍ കോവിഡ് പാര്‍ട്ടിയില്‍ പങ്കെടുത്ത യുവാവ് രോഗം ബാധിച്ച് മരിച്ചു. ടെക്സസിലെ 30കാരനാണ് മരിച്ചത്. കോവിഡ് ബാധിതന്‍ നടത്തിയ പാര്‍ട്ടിയില്‍ പങ്കെടുത്തതിന് ശേഷമാണ് ഇയാള്‍ രോഗബാധിതനായത്. കൊറോണയൊന്നും ഇല്ലെന്നും വെറും തട്ടിപ്പാണെന്നും കരുതിയാണ് യുവാവ് പാര്‍ട്ടിയില്‍ പങ്കെടുത്തത്.

‘നിങ്ങള്‍ക്കറിയുമോ ഞാന്‍ ചെയ്തത് തെറ്റാണ്’, എന്നാണ് യുവാവ് തന്നെ ശുശ്രൂഷിച്ച നഴ്സിനോട് പറഞ്ഞത്. ഹൃദയഭേദകമായിരുന്നു അയാളുടെ വാക്കുകള്‍. താന്‍ ആരോഗ്യമുള്ളവനും യുവാവുമായതുകൊണ്ട് ഒരിക്കലും രോഗം വരില്ലെന്നും അയാള്‍ കരുതിയെന്ന് ഡോക്ടര്‍ പറഞ്ഞു.

കോവിഡ് ബാധിക്കില്ലെന്ന യുവാക്കളുടെ ആത്മവിശ്വാസം തെറ്റാണെന്നതിന്‍റെ തെളിവാണ് ഈ സംഭവമെന്ന് സാന്‍ അന്‍റോണിയോയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ജെയിന്‍ ആപ്പില്‍ബെ പറഞ്ഞു. അമേരിക്കയിൽ ഇതുവരെ കോവിഡ് ബാധിച്ച് 135000ത്തിലധികം ആളുകൾ മരിച്ചിട്ടും യുവാക്കള്‍ ഇത്തരത്തിലാണ് പെരുമാറുന്നത്. യുവാക്കളില്‍ പലപ്പോഴും പ്രത്യക്ഷത്തില്‍ അസുഖമൊന്നും കണ്ടില്ലെങ്കിലും പരിശോധിക്കുമ്പോള്‍ ഓക്സിജന്‍റെ അളവില്‍ അപകടകരമായ വ്യതിയാനം കണ്ടെത്താറുണ്ടെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. അതുകൊണ്ട് കോവിഡിനെ യുവാക്കള്‍ നിസ്സാരമായി കാണരുതെന്നും ജാഗ്രത കാണിക്കണമെന്നുമാണ് ഡോക്ടര്‍മാരുടെ അഭ്യര്‍ഥന.

അമേരിക്കയില്‍ കോവിഡ് പാര്‍ട്ടികള്‍ നടക്കുന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. കോവിഡ് ബാധിച്ചവരെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് അവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകര്‍ത്തും. ഇങ്ങനെ ആദ്യം കോവിഡ് ബാധിക്കുന്നവര്‍ക്ക് പണമടക്കമുള്ള സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്നു. അലബാമയിലെ വിദ്യാര്‍ഥികള്‍ ഇത്തരത്തില്‍ അപകടകരമായ ആഘോഷം നടത്തുന്നതിന്‍റെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

‘ഇത് സാമാന്യബുദ്ധിക്ക് നിരക്കാത്തതാണ്, ഇത്തരത്തിലുള്ള പാര്‍ട്ടികള്‍ തടയണം‍. ഇത് ശുദ്ധ അസംബന്ധമാണ്’ എന്നാണ് ടസ്കലൂസയിലെ കൗണ്‍സിലര്‍ സൊന്‍യ മകിന്‍സ്ട്രി പ്രതികരിച്ചത്.