India Kerala Uncategorized

ലാവ്‍ലിൻ കേസ് ഇന്ന് സുപ്രിം കോടതിയിൽ

ലാവ്‍ലിൻ കേസ് ഇന്ന് സുപ്രിം കോടതിയിൽ. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം പ്രതിപ്പട്ടികയിലുള്ള മുഴുവൻ പേരെയും വിചാരണ ചെയ്യണമെന്ന സി.ബി.ഐയുടെ ആവശ്യവും കുറ്റവിമുക്‌തരാക്കണമെന്ന മൂന്ന് കെ.എസ്.ഇ.ബി മുൻ ഉദ്യോഗസ്ഥരുടെ ഹരജികളുമാണ് കോടതി പരിഗണിക്കുന്നത്. ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബഞ്ചിന് മുന്‍പാകെയാണ് ഹരജികള്‍ എത്തുക.

മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജസെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്‌തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സി.ബി.ഐ സുപ്രിം കോടതിയെ സമീപിച്ചത്. പിണറായിക്കെതിരെ കൃത്യമായ തെളിവുണ്ടെന്നും, അഴിമതിക്കുള്ള ഗൂഢാലോചനയിൽ പങ്കാളിയാണെന്നുമാണ് സി.ബി.ഐ ആരോപണം. കുറ്റപത്രത്തിൽ നിന്ന് പിണറായി അടക്കം പ്രതികളെ ഹൈക്കോടതി ഒഴിവാക്കിയത് വസ്തുതകൾ പരിശോധിക്കാതെയാണ്. വിധി റദ്ദുചെയ്യണമെന്നും സി.ബി.ഐ ആവശ്യപ്പെടുന്നു. വിചാരണ നേരിടണമെന്ന് ഹൈക്കോടതി നിർദേശിച്ച മൂന്ന് കെ.എസ്.ഇ.ബി മുൻ ഉദ്യോഗസ്‌ഥരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. തങ്ങളെയും കേസിൽ നിന്ന് ഒഴിവാക്കണമെന്നാണ് ആർ.ശിവദാസ്, കസ്തൂരിരംഗഅയ്യർ, കെ.ജി. രാജശേഖരൻ എന്നിവരുടെ ആവശ്യം.

ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ മൂന്നംഗ‌ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. എന്നാല്‍ കശ്മീർ ഹർജികൾ പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിൽ എന്‍ വി രമണ ഉൾപ്പെട്ടതിനാൽ അവ പരിഗണിച്ച ശേഷമേ ജസ്റ്റിസ് രമണയുടെ മൂന്നംഗ ബഞ്ച് ലാവ്ലിന്‍ ഹരജികള്‍ പരിഗണിക്കൂ.