India Kerala Uncategorized

കൂടത്തായി കൂട്ടകൊലപാതകക്കേസില്‍ നിര്‍ണ്ണായകമായ ചോദ്യം ചെയ്യല്‍ ഇന്ന്

കൂടത്തായി കൂട്ടകൊലപാതകക്കേസില്‍ നിര്‍ണ്ണായകമായ ചോദ്യം ചെയ്യല്‍ ഇന്ന് നടക്കും. ജോളിയുടെ ഭര്‍ത്താവ് ഷാജു, പിതാവ് സഖറിയാസ് എന്നിവരോട് രാവിലെ ഹാജരാകാന്‍ അന്വേഷണ സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്. മൊഴികളില്‍ വൈരുദ്ധ്യം ഉള്ളതിനാല്‍ ജോളിയേയും ഷാജുവിനെയും ഒരുമിച്ചിരുത്തിയാകും ചോദ്യം ചെയ്യുക.

കേസില്‍ വിദഗ്ധ അന്വേഷണം നടത്തുന്നതിന് വേണ്ടി ഐ.സി.ടി എസ്പി ദിവ്യ വി ഗോപിനാഥിന്റെ നേത്യത്വത്തിലുള്ള എട്ടംഗ സംഘം ഇന്ന് കൊലപാതകങ്ങള്‍ നടന്ന സ്ഥലങ്ങളിലെത്തി പരിശോധനകള്‍ നടത്തും.

ജോളിയുടെ ഭര്‍ത്താവ് ഷാജുവിനും, ഭര്‍ത്യപിതാവ് സഖറിയക്കും നിര്‍ണ്ണായക ദിവസമാണിന്ന്. രണ്ട് തവണ ചോദ്യം ചെയ്തുവിട്ടതിന് ശേഷമാണ് ഇന്ന് രാവിലെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരിക്കുന്നത്. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്തന്‍ രണ്ട് തവണ ശ്രമിച്ചപ്പോള്‍ ഷാജു സഹായിച്ചുവെന്ന മൊഴി ജോളി നല്‍കിയിരുന്നു. ഒരേ വിഷയത്തില്‍ ജോളിയും, ഷാജുവും, സഖറിയയും പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കിയതും ചോദ്യം ചെയ്യലിന് കാരണമാണ്. ചോദ്യം ചെയ്യലിന് ശേഷമാകും അറസ്റ്റടക്കമുള്ള നടപടികളിലേക്ക് കടക്കണോയെന്ന കാര്യത്തില്‍ അന്വേഷണ സംഘം തീരുമാനമെടുക്കുക.

വിവിധ മേഖലകളിലെ വിദഗ്ധരടങ്ങുന്ന എട്ടംഗ സംഘത്തിന്റെ പരിശോധനയും അന്വേഷണത്തെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. ദിവ്യ വി ഗോപിനാഥിന്റെ നേത്യത്വത്തിലുള്ള സംഘം കൊലപാതകം നടന്ന സ്ഥലങ്ങളിലെല്ലാമെത്തി പരിശോധനകള്‍ നടത്തും. അന്വേഷണ സംഘവുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്.