പി.ജെ ജോസഫ് കൂടുതല്‍ കരുത്താര്‍ജിക്കാന്‍ ശ്രമിക്കുമ്പോള്‍ ജോസ് കെ മാണി സ്വന്തം പാളയത്തിലെ അംഗങ്ങളെ പിടിച്ചുനിര്‍ത്താനുള്ള ശ്രമമാകും നടത്തുക.
ജോസ് കെ മാണി പക്ഷം യുഡിഎഫില്‍ നിന്ന് പുറത്തായതോടെ ഇനി കേരള കോണ്‍ഗ്രസില്‍ ബലാബലങ്ങളുടെ കാലം. പി.ജെ ജോസഫ് കൂടുതല്‍ കരുത്താര്‍ജിക്കാന്‍ ശ്രമിക്കുമ്പോള്‍ ജോസ് കെ മാണി സ്വന്തം പാളയത്തിലെ അംഗങ്ങളെ പിടിച്ചുനിര്‍ത്താനുള്ള ശ്രമമാകും നടത്തുക.
മധ്യകേരളത്തിലെ ബലാബല പരീക്ഷണത്തിലൂടെ വിലപേശലിനുള്ള ശ്രമങ്ങള്‍ക്കാകും ജോസഫ് – ജോസ് കെ മാണി വിഭാഗങ്ങള്‍ തയ്യാറെടുക്കുന്നത്. വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാനപങ്ങളിലെ തെരഞ്ഞെടുപ്പും പിന്നീടുള്ള നിയമസഭാ തെരഞ്ഞെടുപ്പും ഇരു വിഭാഗങ്ങള്‍ക്കും ഏറെ പ്രാധാന്യമുള്ളതാണ്. ജോസ് കെ മാണി വിഭാഗത്തിലെ മുതിര്‍ന്ന നേതാക്കളെ വലവീശാതെ രണ്ടാം നിരയിലുള്ള നേതാക്കളെ തന്‍റെ കൂടാരത്തിലെത്തിക്കാനുള്ള തന്ത്രമാണ് പി ജെ ജോസഫ് ഇപ്പോള്‍ പയറ്റുന്നത്. യൂത്ത് ഫ്രണ്ട് മുന്‍സംസ്ഥാന പ്രസിഡന്‍റും ജോസ് കെ മാണി വിഭാഗം ജനറല്‍ സെക്രട്ടറിയുമായിരുന്ന പ്രിന്‍സ് ലൂക്കോസിനും മുന്‍ ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന ജോസ്മോന്‍മുണ്ടക്കലിനും ഇന്നലെ തന്നെ പി ജെ ജോസഫ് കൈകൊടുത്തു. വരുന്ന ദിവസം കൂടുതല്‍ നേതാക്കള്‍ ജോസ് വിഭാഗത്തില്‍നിന്ന് എത്തുമെന്നും പി ജെ ജോസഫ് പ്രഖ്യാപിച്ചു.
കെ എം മാണി എന്ന വൈകാരിക നാമത്തിലൂന്നി പാര്‍ട്ടിയുടെ അടിത്തട്ടിലെ പ്രവര്‍ത്തകരെ കൂടുതല്‍ അടുപ്പിക്കുകയാകും ജോസ് കെ മാണിയുടെ ലക്ഷ്യം. പത്താം തീയതിക്കുള്ളില്‍ പ്രവര്‍ത്തകരുടെ വികാരമറിയും. കൈ മെയ് മറന്നുള്ള പ്രവര്‍ത്തനം നടത്തിയില്ലെങ്കില്‍ പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ അവതാളത്തിലാകുമെന്ന് ജോസ് കെ മാണിക്ക് അറിയാം. അതുകൊണ്ടുതന്നെ എല്‍ഡിഎഫുമായുള്ള ചര്‍ച്ചകള്‍ സമാന്തരമായി നടത്താനും നീക്കമുണ്ടാകും. ഇരുവിഭാഗങ്ങള്‍ മുന്നണിക്ക് അകത്തും പുറത്തും നില്‍ന്നുവെങ്കിലും പരസ്യ പോരിന് കുറവുണ്ടാകില്ല.