India Kerala Uncategorized

സ്വപ്‍നയുടേതായി പ്രചരിക്കുന്ന ശബ്‍ദരേഖയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജയിൽ ഡിജിപി

സ്വര്‍ണകള്ളകടത്ത് കേസിലെ പ്രതി സ്വപ്‍നയുടേതെന്ന പേരിൽ പ്രചരിക്കുന്ന ശബ്‍ദ രേഖയിൽ അന്വേഷണം നടത്താൻ ജയിൽ ഡി.ജി.പി ഋഷിരാജ് സിങിന്റെ ഉത്തരവ്. ദക്ഷിണ മേഖല ഡി.ഐ.ജി അജയകുമാറാണ് സംഭവം അന്വേഷിക്കുക. എന്നാല്‍ ശബ്ദ സന്ദേശത്തിന്റെ ആധികാരികത കണ്ടെത്താനായിട്ടില്ല. അട്ടക്കുളങ്ങര വനിതാ ജയിലിലെത്തി അന്വേഷണം നടത്താനാണ് നിർദേശം നൽകിയത്.

മുഖ്യമന്ത്രിക്കെതിരെ മൊഴി പറയാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിർബന്ധിച്ചതായും രേഖപ്പെടുത്തിയ തന്റെ മൊഴി വായിച്ചു നോക്കാൻ അനുവദിക്കുന്നില്ലെന്നും സ്വപ്ന സുരേഷ് പറയുന്നതായി അവകാശപ്പെടുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. മുഖ്യമന്ത്രിക്ക് എതിരെ മൊഴി നൽകിയാൽ കേസിൽ മാപ്പുസാക്ഷിയാക്കാമെന്നു വാഗ്ദാനം ചെയ്തതായും ശബ്ദസന്ദേശത്തില്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനൊപ്പം യുഎഇയില്‍ പോയി മുഖ്യമന്ത്രിക്കുവേണ്ടി ചര്‍ച്ചകള്‍ നടത്തിയതായാണ് കോടതിയില്‍ സമര്‍പ്പിച്ച മൊഴിയിലുള്ളതെന്നും അത് ഏറ്റുപറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാമെന്നുമാണ് അന്വേഷണ ഏജന്‍സി പറയുന്നതെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു. അതേസമയം സ്വർണക്കടത്ത് കേസിൽ സ്വപ്നയെ ചോദ്യം ചെയ്യാനായി കസ്റ്റംസ് അട്ടക്കുളങ്ങര വനിതാ ജയിലിലെത്തി.