Uncategorized

പ്രവാസികളുടെ യാത്രാപ്രശ്നം; കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ സത്വര ഇടപെടല്‍ വേണമെന്ന് യൂസഫലി

പ്രവാസികളുടെ വിമാന യാത്ര പ്രശ്നം പരിഹരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ സത്വര ഇടപെടല്‍ വേണമെന്ന് പ്രമുഖ വ്യവസായി പത്മശ്രീ എം. എ യൂസഫലി. വിമാന ടിക്കറ്റ് നിരക്കിലെ വര്‍ധന സാധാരണക്കാരായ പ്രവാസികളുടെ നടുവൊടിക്കുന്നതാണ്. ടിക്കറ്റ് തുകക്ക് സബ്സിഡി നല്‍കുന്നത് കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ ഗൌരവമായി ചിന്തിക്കണമെന്നും എം.എ യൂസഫലി മീഡിയവണിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ആവശ്യപ്പെട്ടു

ഇന്ത്യയില്‍ വ്യോമയാന ഗതാഗത മേഖല രൂക്ഷമായ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് യൂസഫലി പറഞ്ഞു. എയര്‍ കേരള പോലുള്ള വിമാന സര്‍വീസിനെക്കുറിച്ച് ചിന്തിക്കാവുന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്. പ്രവാസികള്‍ക്ക് അവിടെ വിദേശത്ത് നിന്ന് തന്നെ വോട്ട് ചെയ്യാനാവുന്ന സാഹചര്യം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. രാജ്യത്തിന്റെ ഭരണഘടന ലോകത്തിലെ തന്നെ ശക്തമായ ഭരണഘടനകളിലൊന്നാണ്. ആ ഭരണഘടനയെ ശക്തിപ്പെടുത്തുന്ന ജനവിധിയായിരിക്കും പൊതു തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടാവുക.

ഇന്ത്യയെ സാംസ്കാരികമായും സാമ്പത്തികമായും ലോകത്തിന്റെ മുന്‍ നിരയില്‍ എത്തിക്കാനുള്ള പരിശ്രമമാണ് എല്ലാവരുടെയും ഭാഗത്ത് നിന്ന് ഉണ്ടാവേണ്ടത്. അത് വരും തലമുറക്ക് വേണ്ടിയുള്ള നമ്മുടെ കരുതിവെപ്പാണെന്നും യൂസഫലി മീഡിയവണിനോട് പറഞ്ഞു.