ലോകകപ്പ് സന്നാഹ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ 9 വിക്കറ്റിന് തകർത്ത് ആതിഥേയരായ ഇംഗ്ലണ്ട്. അഫ്ഗാനിസ്താന്‍ ഉയര്‍ത്തിയ 161 എന്ന വിജയലക്ഷ്യം 17.3 ഓവറില്‍ വെറും ഒരു വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ഇംഗ്ലണ്ട് മറികടന്നത്. ടി20 ശൈലിയിലായിരുന്നു ഇംഗ്ലണ്ടിന്റെ ബാറ്റിങ്. ഓപ്പണര്‍മാരായ ജേസണ്‍ റോയിയും ജോണി ബെയര്‍സ്റ്റോയും ചേര്‍ന്ന് കണ്ണഞ്ചിപ്പിക്കുന്ന തുടക്കമാണ് ഇംഗ്ലണ്ടിന് നല്‍കിയത്.
ജേസണ്‍ റോയ് 46 പന്തില്‍ നിന്ന് നാല് സിക്‌സറുകളുടെയും പതിനൊന്ന് ബൗണ്ടറികളുടെയും അകമ്പടിയോടെ അടിച്ചെടുത്തത് 89 റണ്‍സ്. ബെയര്‍സ്റ്റോ 22 പന്തില്‍ നിന്ന് നേടിയത് 39 റണ്‍സ്. ഏഴ് ബൗണ്ടറികളും ഒരു സിക്‌സറും സഹിതമായിരുന്നു ബെയര്‍സ്റ്റോയുടെ ഇന്നിങ്‌സ്. ടീം സ്‌കാര്‍ 77ല്‍ നില്‍ക്കെയാണ് ആദ്യ വിക്കറ്റ് ഇംഗ്ലണ്ടിന് നഷ്ടമാകുന്നത് തന്നെ. പിന്നീടെത്തിയ ജോ റൂട്ട് അടിച്ചുകളിക്കുന്ന റോയിക്ക് പിന്തുണ കൊടുത്തതോടെ കാര്യങ്ങള്‍ അതിവേഗം തീര്‍പ്പായി. റൂട്ട് 37 പന്തുകളില്‍ നിന്ന് നേടിയത് 29 റണ്‍സാണ്.
മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട്, അഫ്ഗാനെ ബാറ്റിംഗിനയക്കുകയായിരുന്നു. 44 റൺസെടുത്ത മൊഹമ്മദ് നബിക്കും, 30 റൺസെടുത്ത നൂർ അലി സദ്രാനുമൊഴികെ മറ്റാർക്കും തിളങ്ങാനാവാതെ വന്നതോടെ അഫ്ഗാൻ 161 റൺസിൽ ഓളൗട്ടാവുകയായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര ആർച്ചർ, ജോ റൂട്ട് എന്നിവർ മൂന്ന് വിക്കറ്റ് വീതമെടുത്തു.