പശ്ചിമബംഗാളില്‍ എട്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തിലുമായാണ് മാര്‍ച്ച് 27ന് ആരംഭിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഇന്നത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രഖ്യാപനമനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതല്‍ നിയോജക മണ്ഡലങ്ങളുള്ള രണ്ടാമത്തെ സംസ്ഥാനമായ ബംഗാളില്‍ എട്ട് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുക. മാർച്ച് 27, ഏപ്രിൽ 1, 6, 10, 17, 22, 26, 29 തിയതികളിലാണ് ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
എട്ട് ഘട്ടമായി നടത്തുന്ന മാരത്തണ്‍ തെരഞ്ഞെടുപ്പിനെ വിമര്‍ശിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തന്നെ രംഗത്ത് വന്നിരിക്കുകയാണ്. അസമില്‍ മൂന്ന് ഘട്ടമായും തമിഴ്നാട്ടില്‍ ഒരു ഘട്ടമായും തെരഞ്ഞെടുപ്പ് നടത്തുമ്പോള്‍ എന്തിനാണ് പശ്ചിമബംഗാളില്‍ എട്ട് ഘട്ടമാക്കുന്നതെന്ന് മമത ചോദിച്ചു. ബി.ജെ.പിയുടെ സൗകര്യത്തിനുവേണ്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനമെന്നും മമത ആരോപിച്ചു.
നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണോ ബംഗാളില്‍ ഇങ്ങനെ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്? ബി.ജെ.പിക്ക് പ്രചാരണത്തിനുള്ള സൗകര്യമൊരുക്കാന്‍ വേണ്ടിയാണോ ഈ നടപടി? ഞാന്‍ ബംഗാളിന്‍റെ മകളാണ്, ബിജെപിയേക്കാള്‍ നന്നായി ബംഗാളിനെ എനിക്കറിയാം. എട്ട് ഘട്ടമായി നടത്താന്‍ ശ്രമിച്ചാലും ബംഗാളില്‍ ഞങ്ങള്‍ തന്നെ വിജയിക്കും. നിങ്ങളുടെ ഗൂഢാലോചന വിലപ്പോവില്ല. മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. കേന്ദ്ര സര്‍ക്കാരിന്മേലുള്ള അവരുടെ സ്വാധീനം ബി.ജെ.പി ദുരുപയോഗം ചെയ്യുകയാണെന്ന് മമതാ ബാനര്‍ജി പറഞ്ഞു.