Uncategorized

മണിപ്പൂരില്‍ അഞ്ചിടങ്ങളില്‍ സംഘര്‍ഷം; അക്രമികളെ തുരത്തി സുരക്ഷാ സേന

അശാന്തമായി തുടരുകയാണ് മണിപ്പൂര്‍. അഞ്ചിടങ്ങളില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ സേന ശക്തമായി തിരിച്ചടിച്ചെന്നും അക്രമികളെ തുരത്തിയെന്നും മണിപ്പൂര്‍ പൊലീസ്. പ്രദേശത്ത് സുരക്ഷാ സേന നടത്തിയ തെരച്ചിലില്‍ ആയുധങ്ങള്‍ കണ്ടെത്തുകയും ചെയ്തു.

മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കുക്കി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. കുക്കിസംഘടനയായ ഇന്റിജീനിയസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറത്തിന്റെ നാലംഗ സംഘമാണ് അമിത്ഷായുമായി കൂടിക്കാഴ്ച നടത്തുക. കുക്കിസംഘടന മുന്നോട്ട് വച്ച അഞ്ച് വിഷയങ്ങളും ചര്‍ച്ച ചെയ്യും.

അതേസമയം മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ച ഇന്ന് നടക്കും. കോണ്‍ഗ്രസ് ലോക്സഭാകക്ഷി ഉപനേതാവ് ഗൗരവ് ഗെഗോയി അവതരിപ്പിച്ച പ്രമേയത്തിലാണ് ചര്‍ച്ച. മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയാറെന്ന് അമിത്ഷാ വ്യക്തമാക്കിയിരുന്നു. എത്ര ദൈര്‍ഘ്യമേറിയ ചര്‍ച്ചയ്ക്കും തയാറാണെന്നും ഒളിക്കാനുള്ളതുകൊണ്ടാണ് പ്രതിപക്ഷം ബഹളം ഉണ്ടാക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

മണിപ്പൂര്‍ വിഷയത്തില്‍ അന്വേഷണത്തിന് മൂന്ന് ഹൈക്കോടതി ജഡ്ജിമാര്‍ ഉള്‍ക്കൊള്ളുന്ന ഉന്നതതല സമിതിയെ നിയോഗിച്ചു.മനുഷ്യാവകാശ വിഷയങ്ങള്‍, ക്യാമ്പുകളിലെ സാഹചര്യം, പുനരധിവാസം എന്നിവയെ സംബന്ധിച്ച് സമിതി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രത്യേക അന്വേഷണ സംഘങ്ങള്‍ക്ക് മേല്‍നോട്ടത്തിനും കോടതിയെ സഹായിക്കാനും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനെയും നിയോഗിക്കും.