കാലിക്കറ്റ് സര്‍വകലാശാലക്ക് മലപ്പുറം ജില്ലയുടെ വികസനത്തില്‍ അതിനിര്‍ണായക പങ്കുണ്ട്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മുസ്ലിം ലീഗും പങ്കാളികളായ സപ്ത കക്ഷി സര്‍ക്കാരാണ് സര്‍വകലാശാല സ്ഥാപിച്ചത്. മലപ്പുറം ജില്ലയുടെ പിറവിക്ക് ഒരു വര്‍ഷം മുന്‍പാണ് കാലിക്കറ്റ് സര്‍വകലാശാലക്ക് ശിലപാകിയത്.
കാലിക്കറ്റ് സര്‍വകലാശാലയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ കഴിഞ്ഞതേയുള്ളൂ. സര്‍വകലാശാലക്ക് തറക്കല്ലിട്ടതിന് തൊട്ടടുത്ത വര്‍ഷമാണ് മലപ്പുറം ജില്ല പിറക്കുന്നത്. പേരില്‍ കാലിക്കറ്റ് എന്നുണ്ടെങ്കിലും മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്താണ് സര്‍വകലാശാല സ്ഥിതി ചെയ്യുന്നത്.
ചരിത്രപരമായ കാരണങ്ങളാല്‍ പിന്നാക്കമായിപ്പോയ മലബാറിന്റെ വളര്‍ച്ചക്കും വികസനത്തിനും സര്‍വകലാശാല വേണമെന്ന ആവശ്യം 1960കള്‍ മുതല്‍ തന്നെ ഉയര്‍ന്നിരുന്നു.
67ലെ സപ്ത കക്ഷി മന്ത്രിസഭയില്‍ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത സി.എച്ച് മുഹമ്മദ് കോയയാണ് കാലിക്കറ്റ് സര്‍വകലാശാലയുടെ ശില്‍പ്പി. കേരള സര്‍വകലാശാലയില്‍ നിന്നും തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള കോളജുകള്‍ ചേര്‍ത്താണ് കാലിക്കറ്റ് സര്‍വകലാശാല വരുന്നത്.
500 ഏക്കറില്‍ 54 കോളജുകളുമായി തുടങ്ങിയ കാലിക്കറ്റിനു കീഴില്‍ ഇന്ന് 432 കോളജുകളും 5 ഗവേഷണ വകുപ്പുകളും 36 സ്വാശ്വയ സ്ഥാപനങ്ങളുമുണ്ട്. അര നൂറ്റാണ്ടിനിപ്പുറം മലപ്പുറത്തിന്റെയും മലബാറിന്റെയും മാത്രമല്ല, സംസ്ഥാനത്തിന്റെ തന്നെ വിദ്യാഭ്യാസ പുരോഗതിയില്‍ നിര്‍ണായക സംഭാവനയാണ് ഈ സര്‍വകലാശാല നല്‍കിയത്.