ഗോവ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മുന്‍ എം.എല്‍.എ സിദ്ധാർഥ് കുൻകാലിൻകറിനെ ബി.ജെ.പി പനാജി സ്ഥാനാര്‍ഥി ആയി പ്രഖ്യാപിച്ചു. മരണപ്പെട്ട ഗോവ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മകന് ഉദ്പല്‍ പരീക്കറിനെ അവഗണിച്ചാണ് ഈ തീരുമാനം. ഞായറാഴ്ച നടന്ന ബി.ജെ.പിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ സെക്രട്ടറി ജി.പി നദ്ദയാണ് കുൻകാലിൻകറിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.
പരീക്കറുടെ മകന് ഉദ്പൽ പരീക്കർ മത്സരിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ രണ്ടു തവണ പനാജി എം.എൽ.എ ആയി തെരഞ്ഞെടുത്തിട്ടുള്ള കുൻകാലിൻകറിനാണ് ബി.ജെ.പി അവസരം നല്‍കിയത്. അതേസമയം പരീക്കറുടെ മകന് സീറ്റ് നല്‍കാത്തതില്‍ പ്രാദേശിക ബി.ജെ.പി പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്.
2015ലാണ് സിദ്ധാർഥ് കുൻകാലിൻകര്‍ ആദ്യമായി എം.എൽ.എ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. മനേഹര്‍ പരീക്കര്‍ കേന്ദ്രമന്ത്രിയാവുകയും എം.എല്‍.എ സ്ഥാനം രാജിവെക്കുകയും ചെയ്തതോടെ ആയിരുന്നു ഇത്. 2017ലെ ഗോവ നിയമസഭ തെരഞ്ഞെടുപ്പിലും കുൻകാലിൻകര്‍ വിജയിച്ചിരുന്നു. എന്നാല്‍ മനോഹര്‍ പരീക്കര്‍ സംസ്ഥാനത്തേക്ക് തിരികെയെത്തി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതോടെ കുൻകാലിൻകര്‍ രാജി വെക്കുകയായിരുന്നു.