Uncategorized

അസമില്‍ 1.29 ലക്ഷം പേരെ വിദേശികളായി പ്രഖ്യാപിച്ചു; ആറു പേരെ നാടുകടത്തി

അസമിൽ 1.3 ലക്ഷത്തോളം പേരെ വിദേശികളായി പ്രഖ്യാപിച്ചു. ഇതില്‍ ആറ് പേരെ നാടുകടത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്സഭയിൽ അറിയിച്ചതാണ് ഇക്കാര്യം. നാടുകടത്തിയ ആറിൽ നാലുപേര്‍ ബംഗ്ലാദേശുകാരും രണ്ട് പേർ അഫ്ഗാനിസ്താനികളുമാണെന്നാണ് കേന്ദ്രമന്ത്രാലയം പറയുന്നത്.

2019 ഒക്ടോബറിലെ കണക്കനുസരിച്ച് അസമിലെ ഫോറിന്‍ ട്രൈബ്യൂണലുകൾ 1.14 ലക്ഷം പേരെ ഇന്ത്യക്കാരായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. എൻ‌.ആർ.‌സിയില്‍ പ്രവേശിക്കുന്നതിൽ പരാജയപ്പെട്ട ആളുകൾക്ക് അപ്പീൽ നൽകുന്നതിനുള്ള സംവിധാനമുണ്ട്. ഒരു കുട്ടിയെ പോലും വിദേശികളായി ട്രൈബ്യൂണലുകൾ പ്രഖ്യാപിച്ചിട്ടില്ലെന്നും എ‌.ഐ‌.എം.ഐ‌.എം മേധാവി അസദുദ്ദീൻ ഉവൈസിയുടെ ചോദ്യത്തിന് മറുപടിയായി ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയെ അറിയിച്ചു.

അസം സർക്കാർ നൽകിയ വിവരമനുസരിച്ച് 2019 ഒക്ടോബർ വരെ മൊത്തം 4,68,905 കേസുകളാണ് ട്രൈബ്യൂണലിലേക്ക് എത്തിയത്. അസമിൽ 290 സ്ത്രീകളെ വിദേശികളായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.