UAE

കോവിഡ് കേസുകള്‍ വര്‍ധിച്ചാല്‍ സ്കൂള്‍ അടക്കേണ്ടി വരുമെന്ന് യു.എ.ഇ

ഈ മാസം 30 ന് രാജ്യത്തെ സ്കൂളുകളിൽ ഭാഗികമായി അധ്യയനം ആരംഭിക്കാനിരിക്കെയാണ് മന്ത്രാലയത്തിന്റെ നിർദേശം

യു.എ.ഇയിൽ കോവിഡ് കേസുകള്‍ വർധിച്ചാൽ സ്കൂളുകൾ അടക്കേണ്ടി വരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഈ മാസം 30 ന് രാജ്യത്തെ സ്കൂളുകളിൽ ഭാഗികമായി അധ്യയനം ആരംഭിക്കാനിരിക്കെയാണ് മന്ത്രാലയത്തിന്റെ നിർദേശം. ദുബൈയിലെ മുഴുവൻ സ്കൂൾ അധ്യാപകരും ജീവനക്കാരും പി.സി.ആർ പരിശോധനക്ക് വിധേയമാകണമെന്ന് കെ.എച്ച്.ഡി.എ നിർദേശിച്ചു.

യു.എ.ഇയിൽ കോവിഡ് കേസുകൾ വർധിക്കുകയാണെങ്കിൽ സ്കൂളുകൾ താൽകാലികമായി അടച്ച് പൂർണമായും ഇ ലേണിങിലേക്ക് മടങ്ങേണ്ടി വരുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നത്. കോവിഡ് കേസുകൾ വർധിക്കുകയോ വിദ്യാർഥികൾക്കോ, സ്കൂൾ അധ്യാപകർക്കോ കോവിഡ് റിപ്പോർട്ട് ചെയ്യുകയോ ചെയ്താൽ സ്വീകരിക്കേണ്ട അടിയന്തര നടപടികൾ സംബന്ധിച്ച മാർഗനിർദേശത്തിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കുന്നത്.

വിദ്യാർഥികൾക്ക് രോഗലക്ഷണം കണ്ടാൽ ഉടൻ രക്ഷിതാക്കളെ വിവരമറിയിക്കണം. കുട്ടികളെ കോവിഡ് പരിശോധനക്ക് വിധേയമാക്കണം. ഫലം വരുന്നത് വരെ അവർ ഇ ലേണിങ് തുടരണം. രോഗം സ്ഥിരീകരിച്ചാൽ രോഗിയുമായി സമ്പർക്കം പുലർത്തിയവരെ പരിശോധനക്ക് വിധേയമാക്കണമെന്നും നിർദേശങ്ങളിൽ പറയുന്നു.

രോലക്ഷണമുള്ളവർ വീട്ടിൽ തുടരണമെന്നാണ് നിർദേശം. ദുബൈയിൽ സ്കൂൾ അധ്യാപകർക്കും ജീവക്കാർക്കും കോവിഡ് പരിശോധന നടത്താൻ ഏഴ് സ്കൂളുകളിൽ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് കെഎച്ച്ഡിഎ അറിയിച്ചു. കുട്ടികൾക്ക് ക്ലാസ് പഠനമോ, ഇ ലേണിങോ തെരഞ്ഞെടുക്കാൻ ദുബൈയിൽ രക്ഷിതാക്കൾക്ക് അവസരം നൽകിയിട്ടുണ്ട്.