UAE

യു.എ.ഇയിൽ വിസിറ്റ് വിസയിൽ കഴിയുന്നവർക്ക് പിഴയില്ലാതെ മടങ്ങാനുള്ള സമയം നീട്ടി

പുതുക്കിയ യാത്രാനിയമങ്ങൾ ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും

യു.എ.ഇയിൽ വിസിറ്റ് വിസയിൽ കഴിയുന്നവർക്ക് പിഴയില്ലാതെ മടങ്ങാനുള്ള സമയം നീട്ടി. ഒരു മാസത്തേക്കാണ് സമയം നീട്ടിയത്. ഇന്ന് സമയം അവസാനിക്കാൻ ഇരിക്കെയാണ് നടപടി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ്‌ സിറ്റിസൺഷിപ്പിന്റെതാണ് തീരുമാനം. യു.എ.ഇ ഔദ്യോഗിക വാർത്താഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്.

കൂടാതെ യു.എ.ഇ റസിഡൻസി വിസയുള്ളവർക്ക് അബൂദബി, അൽഐൻ വിമാനത്താവളങ്ങളിൽ ഇറങ്ങാൻ നിർബന്ധിത ഐ.സി.എ ട്രാവൽ പെർമിറ്റ് ആവശ്യമില്ലെന്ന് അബൂദബി അന്താരാഷ്​ട്ര വിമാനത്താവളം അധികൃതർ അറിയിച്ചു. ഐ.സി.എ അനുമതി ലഭിക്കാത്തതിനാൽ മടക്കയാത്ര വൈകുന്ന പ്രവാസികൾക്ക്​ ഏറെ ആശ്വാസം പകരുന്ന നടപടിയാണിത്​.

പുതുക്കിയ യാത്രാനിയമങ്ങൾ ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും. വിമാനക്കമ്പനികൾക്ക് അയച്ച ഔദ്യോഗിക വിജ്ഞാപനത്തിലാണ്​ ഇക്കാര്യം പറയുന്നത്​. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. പാക്കിസ്ഥാൻ ഇൻറർനാഷണൽ എയർലൈൻസ് (പി.ഐ.എ), ടർക്കിഷ് എയർലൈൻ, മിഡിൽ ഈസ്​റ്റ്​ എയർലൈൻ എന്നിവയുടെ ട്രാവൽ ഏജൻസികൾക്ക്​ ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ്​ ലഭിച്ചു.

എന്നാൽ, എയർ ഇന്ത്യക്ക് ഇതുവരെ അറിയിപ്പ്​ ലഭിച്ചിട്ടില്ല. അംഗീകൃത ലബോറട്ടറിയിൽ നിന്നുള്ള കോവിഡ്​ പരിശോധന ഫലം വേണമെന്ന നിബന്ധനക്ക്​ മാറ്റമില്ല.