യുഎഇയിൽ ഡോക്ടർമാർക്കും എൻജിനീയർമാക്കും ഗോൾഡൻ വിസ പ്രഖ്യാപിച്ചു. പത്തുവർഷം കാലാവധിയുള്ള താമസവിസയാണ് ഗോൾഡൻ വിസ. മികച്ച വിദ്യാർഥികൾക്കും കുടുംബത്തിനും ഗോൾഡൻ വിസക്ക് അപേക്ഷിക്കാം.
നേരത്തേ മുൻനിര ബിസിനസ് പ്രമുഖർക്കും, വിദഗ്ധർക്കും പ്രഖ്യാപിച്ച പത്തുവർഷത്തെ ഗോൾഡൻ വിസ കൂടുതൽ രംഗങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് യുഎഇ. പുതിയ പ്രഖ്യാപനനുസരിച്ച് ഡോക്ടറേറ്റ് ബിരുദം നേടിയവർക്കും മുഴുവൻ ഫിസിഷ്യൻമാർക്കും ഗോൾഡൻ വിസക്ക് അപേക്ഷിക്കാം. വിവിധ മേഖലയിലെ എൻജിനീയർമാർക്കും ഇതിന് യോഗ്യതയുണ്ട്. കമ്പ്യൂട്ടർ എൻജിനീയറിംഗ്, ഇലക്ട്രോണിക്സ്, പ്രോഗ്രാമിങ്, ഇലക്ട്രിസിറ്റി, ബയോടെക്നോളജി എന്നീ മേഖലയിലെ എഞ്ചിനീയർമാക്കാണ് ഈ ആനുകൂല്യം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ് ഡാറ്റ, എപിഡോമോളജി, വൈറോളജി എന്നീ മേഖലകളിൽ പ്രത്യേക ഡിഗ്രിയുള്ളവർക്കും ഗോൾഡൻ വിസ ലഭിക്കും.
യുഎഇ അക്രെഡിറ്റഡ് യൂണിവേഴ്സിറ്റികളിൽ നിന്ന് 3.8 ജിപിഎക്ക് മുകളിൽ മാർക്കോടെ ബിരുദം നേടുന്നവർക്കും ഗോൾഡൻ വിസക്ക് അപേക്ഷിക്കാം. പഠനത്തിൽ ഉന്നത നിലവാരം പുലർത്തുന്ന ഹൈസ്കൂൾ വിദ്യാർഥികൾക്കും അവരുടെ കുടുംബത്തിനും ഗോൾഡൻ വിസക്ക് അർഹതയുണ്ടാകും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വിവിധ മേഖലയിൽ വൈദഗ്ധ്യമുള്ളവരെ യു എ ഇയിലേക്ക് ആകർഷിക്കാനും നിലനിർത്താനും കൂടുതൽ രംഗങ്ങളിലുള്ളവർക്ക് ഗോൾഡൻ വിസ നൽകുമെന്നും ശൈഖ് മുഹമ്മദ് സൂചന നൽകി.