ചൊവ്വയിലേക്ക് യു എ ഇ വിജയകുതിപ്പ് തുടങ്ങി. അറബ് ലോകത്ത് നിന്നുള്ള ആദ്യ ചൊവ്വാ പര്യവേഷണ പേടകം ഭൂമിയിൽ നിന്ന് വിജയകരമായി ബഹിരാകാശത്തേക്ക് ഉയർന്നു. ജപ്പാനിലെ തനേഗാഷിമയിൽ നിന്ന് യു എ ഇ സമയം പുലർച്ചെ 1:54 നായിരുന്നു വിക്ഷേപണം. ചരിത്രത്തിൽ ആദ്യമായി ബഹിരാകാശ ദൗത്യത്തിനായി അറബ് ഭാഷയിൽ കൗണ്ട്ഡൗണിനും ലോകം സാക്ഷിയായി.
അൽ അമൽ അഥവാ ഹോപ്പ് എന്നാണ് ഈ ചൊവ്വാ പര്യവേഷണത്തിന് പേര്. യു എ ഇയുടെ മാത്രമല്ല പേര് പോലെ അറബ് ലോകത്തിന്റെ മുഴുവൻ പ്രതീക്ഷയാണ് ഈ ദൗത്യം. യു എ ഇയുടെ അഞ്ചുവർഷം നീണ്ട കാത്തിരിപ്പാണ് ഇന്ന് പുലർച്ചെ തനേഗാഷിമ സ്പേസ് സെന്ററിൽ നിന്ന് നിശ്ചയിച്ചതിലും നാല് മിനിറ്റ് നേരത്തേ വാനിലേക്ക് കുതിച്ചുയർന്നത്. ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററിൽ ശ്വാസമടക്കി പിടിച്ചിരുന്നവരുടെ മുഖത്ത് വിജയത്തിന്റെ ചിരി സമ്മാനിച്ച കുതിപ്പ്.
മണിക്കൂറിൽ 1,21,000 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച് 493 ദശലക്ഷം കിലോമീറ്റർ താണ്ടിവേണം ഹോപ്പിന് ചൊവ്വയുടെ ഭ്രമണപഥത്തിലെത്താൻ. അടുത്തവർഷം ഫെബ്രുവരി വരെ ഏഴ് മാസം സമയമെടുക്കും അതിന്. രൂപീകരണത്തിന്റെ അമ്പതാംവാർഷികമായ 2021 യു എ ഇ അവിസ്മരണീയമാക്കുക അങ്ങനെയാണ്. ഒരു ചൊവ്വാവർഷം അഥവാ 687 ദിവസം ഹോപ്പ് ചൊവ്വയെ വലം വെക്കും. ചുവന്ന ഗ്രഹത്തിന്റെ സമ്പൂർണചിത്രം പകർത്തും. ചൊവ്വയിലെ കാലാവസ്ഥയെയും അന്തരീക്ഷത്തെയും കുറിച്ച് പഠനം നടത്തും. signoff2117 ൽ ചൊവ്വയിൽ ആദ്യ നഗരം പ്രഖ്യാപിച്ച യു എ ഇയുടെ ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണം കൂടിയാണ് ഹോപ്പ് പ്രോബ്.
We have lift-off. H2A, the rocket carrying the Hope Probe to space, has launched from the Tanegashima Space Centre in Japan.#HopeMarsMission pic.twitter.com/wjuFX3G1TP
— MBR Space Centre (@MBRSpaceCentre) July 19, 2020