UAE

യു.എ.ഇ അജ്മാനില്‍ തീപിടിത്തം

മേഖലയിലുള്ള നിരവധി സ്ഥാപനങ്ങള്‍ക്ക് തീപിടിച്ചു

യുഎഇയിലെ അജ്മാനില്‍ തീപിടിത്തം. ഇറാനിയൻ മാർക്കറ്റ് എന്ന് അറിയപ്പെടുന്ന അജ്മാൻ വ്യവസായ മേഖലയിലാണ് തീപിടിത്തമുണ്ടായത്. മേഖലയിലുള്ള നിരവധി സ്ഥാപനങ്ങള്‍ക്ക് തീപിടിച്ചു.

തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീപിടിത്തത്തില്‍ 120 കടകൾ കത്തിനശിച്ചു. ഇതില്‍ മലയാളികളുടെ 25 കടകളും കത്തിനശിച്ചിട്ടുണ്ട്. പ്രദേശത്തെ ഒരു കടയില്‍ നടന്നുകൊണ്ടിരുന്ന നിര്‍മാണ പ്രവര്‍ത്തിക്കിടെയുണ്ടായ തീപൊരിയാണ് തീപിടിത്തമുണ്ടാകാന്‍ കാരണമെന്ന് കരുതുന്നു.

നിയന്ത്രിക്കാന്‍ കഴിയുന്നതിന് മുന്നേ തീ മറ്റു കടകളിലേക്കും പടരുകയായിരുന്നു. വൻതുകയുടെ നഷ്ടം നേരിട്ടതായി കച്ചവടക്കാർ മീഡിയവണിനോട് പറഞ്ഞു. കോവിഡ് കാലത്ത് അടച്ചിട്ടിരുന്ന മാർക്കറ്റ് ഈമാസം 15 ന് തുറക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് തീപിടിത്തം.

അറ്റകുറ്റപ്പണിക്കായി വെൽഡിങ് നടക്കുന്നതിനിടെയുണ്ടായ തീപൊരിയിൽ നിന്നാണ് തുടക്കമെന്ന് സംശയിക്കുന്നതായി മാർക്കറ്റിലെ ജീവനക്കാർ പറയുന്നു. കാർപറ്റ് ഷോറുമുകൾ, തുണിത്തരങ്ങൾ, പാത്രങ്ങൾ തുടങ്ങിയ വിൽക്കുന്ന നിരവധി ചെറിയ കടകളാണ് കത്തിയത്.