UAE

തൊഴില്‍‌ തട്ടിപ്പിനിരയായി യു.എ.യിലെത്തപ്പെട്ട 12 ഇന്ത്യന്‍ യുവതികളെ രക്ഷപ്പെടുത്തി

തൊഴില്‍ തട്ടിപ്പിനിരയായ 12 ഇന്ത്യന്‍ യുവതികളെ രക്ഷപ്പെടുത്തി. ഉയര്‍ന്ന ജോലി വാഗ്ദാനം ചെയ്ത് യു.എ.ഇയിലെത്തിച്ച് കബളിപ്പിക്കപ്പെട്ട യുവതികളെ പൊലീസ് സഹായത്തോടെ ഇന്ത്യന്‍ കോണ്‍സുലേറ്റും അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷനും രക്ഷപ്പെടുത്തുകയായിരുന്നു. അജ്മാനിലെ എജന്‍റ് മുഖേന നാട്ടില്‍ നിന്നും ജോലിക്ക് വന്നെത്തി വഞ്ചിതരായവരാണ് ഇവർ. ജോലി തേടിയെത്തിയ ഇവരെ അജ്മാനിലെ താമസ കേന്ദ്രത്തില്‍ പൂട്ടിയിടുകയായിരുന്നു ഏജൻറ്. പരാതി ലഭിച്ചതിനെ തുടർന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെട്ടു.

കോൺസുലേറ്റ് നിർദേശപ്രകാരം അജ്മാൻ ഇന്ത്യന്‍ അസോസിയേഷന്‍ പൊലീസില്‍ പരാതിപ്പെടുകയും റെയ്ഡിലൂടെ മോചനം സാധ്യമാവുകയും ചെയ്തു. മൊത്തം 12 സ്ത്രീകളാണ് തൊഴിൽ ലഭിക്കാതെ വഞ്ചിതരായത്. ഇവരിൽ11 പേര്‍ ഹൈദരാബാദിൽ നിന്നുള്ളവരാണ്. ഇവരുടെ സംരക്ഷണം അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഏറ്റെടുത്തിരിക്കുകയാണിപ്പോൾ.

പൊലീസില്‍ നല്‍കിയ പരാതിയുടെ തീര്‍പ്പ്‌ വരുന്ന മുറക്ക് ഇവരെ നാട്ടിലെത്തിക്കുമെന്ന് അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി രൂപ് സിദ്ധു പറഞ്ഞു. ഇവർക്ക് നാട്ടിലേക്കു മടങ്ങാൻ വേണ്ട വിമാന ടിക്കറ്റ് ലഭ്യമാക്കുമെന്നും അസോസിയേഷന്‍ അറിയിച്ചു. ഏജന്‍റുമാരുടെ ചതിയിൽപെട്ട് കൃത്യമായ ഉറപ്പില്ലാതെ തൊഴിൽ തേടി നാട്ടിൽ നിന്ന് യു.എ.ഇയിലേക്ക് വരുന്ന പ്രവണത വർധിച്ചിരിക്കുകയാണ്. ഇതുതടയാൻ ആവശ്യമായ ബോധവത്കരണം സർക്കാർ ഉടനടി നടത്തണമെന്ന് അസോസിയേഷൻ പ്രസിഡൻറ് അബ്ദുല്‍ സലാഹ് പറഞ്ഞു.