യു.എ.ഇയിൽ അധ്യാപകർക്കും കോവിഡ് വാക്സിൻ സ്വീകരിക്കാൻ അനുമതി. അബൂദബിയിലെ പബ്ലിക് സ്കൂൾ അധ്യാപകർക്കും ജീവനക്കാർക്കുമാണ് കോവിഡ് വാക്സിൻ സ്വീകരിക്കാൻ നിർദേശം നൽകിയത്. വാക്സിൻ സ്വീകരിക്കേണ്ട അധ്യാപകർ ഈ മാസം 24ന് മുമ്പ് രജിസ്റ്റർ ചെയ്യണം.
ആരോഗ്യപ്രവർത്തകർക്ക് പിന്നാലെയാണ് അബൂദബിയിൽ അധ്യാപകർക്കും കോവിഡ് വാക്സിൻ സ്വീകരിക്കാൻ ആരോഗ്യമന്ത്രാലയം അനുമതി നൽകിയത്. അബൂദബിയിൽ പരീക്ഷണം പുരോഗമിക്കുന്ന ചൈനയുടെ സീനോഫോം വാക്സിനാണ് അധ്യാപകർക്കും നൽകുക.
വാക്സിൻ സ്വീകരിക്കാൻ സന്നദ്ധരായ അധ്യാപകരും സ്കൂൾ ജീവനക്കാരും ഈമാസം 24ന് മുമ്പ് രജിസ്ട്രേഷൻ പൂർത്തിയാക്കണം. അധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കും മാത്രമല്ല അവരുടെ 18 തികഞ്ഞ കുടുംബാംഗങ്ങൾക്കും വാക്സിൻ സ്വീകരിക്കാം. വാക്സിൻ സ്വീകരിക്കുക എന്നത് അധ്യാപകർക്ക് നിർബന്ധമാക്കിയിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരം സ്വീകരിച്ചാൽ മതി. നേരത്തേ കോവിഡ് രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്ന ആരോഗ്യപ്രവർത്തകർക്ക് സമാനമായ രീതിയിൽ അനുമതി നൽകിയിരുന്നു. ഈ മുൻഗണനാ പട്ടികയിൽ അധ്യാപകരെയും ഉൾപ്പെടുത്തുകയായിരുന്നു. യു.എ.ഇ ആരോഗ്യമന്ത്രി അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് ആൽ ഉവൈസും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.