UAE

പ്രവാസികൾക്കായി സൗജന്യ ചാര്‍ട്ടേര്‍ഡ് വിമാന പദ്ധതിയുമായി കെ.എം.സി.സി യു.എ.ഇ ഘടകം

ജോലി നഷ്ടപ്പെട്ടവർക്കും കുറഞ്ഞ വരുമാനക്കാർക്കും വേണ്ടിയുള്ള സൗജന്യ ചാർട്ടേഡ് വിമാനത്തിന്‍റെ നടപടിക്രമങ്ങൾ ആരംഭിച്ചതായി യു.എ.ഇ കെ.എം.സി.സി അറിയിച്ചു

കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്കുവേണ്ടി സൗജന്യ ചാര്‍ട്ടേര്‍ഡ് വിമാന പദ്ധതിയുമായി കെ.എം.സി.സി യു.എ.ഇ ഘടകം. ആയിരം ദിർഹത്തിലും താഴെ ശമ്പളത്തിൽ ജോലി ചെയ്യുന്ന 200 പേരെയാണ് സൗജന്യമായി നാട്ടിലെത്തിക്കുക.

ജോലി നഷ്ടപ്പെട്ടവർക്കും കുറഞ്ഞ വരുമാനക്കാർക്കും വേണ്ടിയുള്ള സൗജന്യ ചാർട്ടേഡ് വിമാനത്തിന്‍റെ നടപടിക്രമങ്ങൾ ആരംഭിച്ചതായി യു.എ.ഇ കെ.എം.സി.സി അറിയിച്ചു. ജോലി തേടി വന്ന 30 വയസ്സിന് ചുവടെ പ്രായമുള്ളവർക്കും ഗാർഹികവിസയിൽ വന്ന് ജോലി നഷ്ടപ്പെട്ടവർക്കും അവസരം നൽകുമെന്ന് എ.ഇ.കെ.എം.സി.സി പ്രസിഡൻറ് പുത്തൂർ റഹ്മാൻ അറിയിച്ചു.

വിവിധ എമിറേറ്റുകളിലെ കെ.എം.സി.സി നേതൃത്വത്തിനു ചുവടെ രൂപം നൽകിയ പ്രത്യേക സമിതിയാണ് അപേക്ഷകൾ പരിഗണിച്ച് തീരുമാനം കൈക്കൊള്ളുക. സൗജന്യ വിമാന യാത്ര ആഗ്രഹിക്കുന്നവരും അർഹിക്കുന്നവരും അവരുമായി ബന്ധപ്പെട്ടവരും എത്രയും വേഗം വിവിധ എമിറേറ്റുകളിലെ കെ.എം.സി.സി നേതൃത്വവുമായി ബന്ധപ്പെട്ട് രേഖകൾ കൈമാറണമെന്നും പുത്തൂർ റഹ്മാൻ ആവശ്യപ്പെട്ടു.