UAE

സൗദിയില്‍ 5 ദിവസത്തെ സമ്പൂര്‍ണ ലോക്ഡൗണ്‍ തുടങ്ങി; പാസില്ലാതെ പുറത്തിറങ്ങിയാല്‍ വന്‍പിഴയും നാടുകടത്തലും

രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളും ഇന്ന് മുതല്‍ സൈനിക നിയന്ത്രണത്തിലാണ്

സൗദിയില്‍ ഇന്ന് മുതല്‍ അഞ്ച് ദിവസത്തെ സമ്പൂര്‍ണ ലോക്ഡൗണ്‍ ആരംഭിച്ചു. ഈ മാസം 27 വരെ 24 മണിക്കൂറാണ് കര്‍ഫ്യൂ. പാസില്ലാതെ പുറത്തിറങ്ങിയാല്‍ പതിനായിരം റിയാല്‍ പിഴയും ജയില്‍ വാസവും നാടു കടത്തലുമാണ് ശിക്ഷ. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളും ഇന്ന് മുതല്‍ സൈനിക നിയന്ത്രണത്തിലാണ്.

അടുത്ത ബുധനാഴ്ച വരെയാണ് പെരുന്നാളിന് ജനങ്ങള്‍ പുറത്തിറങ്ങാതിരിക്കാനുള്ള കര്‍ഫ്യൂ. സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഗ്രോസറികള്‍, ഗ്യാസ് സ്റ്റേഷനുകള്‍ എന്നിവക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാം. ഇവര്‍ക്ക് ഓണ്‍ലൈന്‍ ഡെലിവറിയും പാര്‍സല്‍ സര്‍വീസുകളും തുടരാം. റസ്റ്റൊറന്‍റുകള്‍ക്ക് രാവിലെ ആറ് മുതല്‍ രാത്രി പത്ത് മണി വരെ പ്രവര്‍ത്തിക്കാൻ അനുമതിയുണ്ട്. പച്ചക്കറി, ഇറച്ചി, അവശ്യ സര്‍വീസുകള്‍, അറ്റകുറ്റപ്പണി നടത്തുന്ന സ്ഥാപനങ്ങള്‍ എന്നിവക്ക് രാവിലെ ആറ് മുതല്‍ വൈകീട്ട് മൂന്ന് വരെ പ്രവര്‍ത്തിക്കാം. കടകളില്‍ ജോലി ചെയ്യുന്നവരും സ്ഥാപനം തുറക്കുന്നവരും നേരത്തെയുള്ള നിബന്ധനകള്‍ പാലിച്ചിരിക്കണം.

ബലദിയയില്‍ നിന്നുള്ള പാസ് കരസ്ഥമാക്കിയതിന് ശേഷമേ പ്രവര്‍ത്തിക്കാവൂ. കടകളില്‍ നിന്നും ഓണ്‍ലൈന്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം. അടിയന്തര ആവശ്യങ്ങള്‍ക്ക് തവക്കല്‍നാ ആപ്ലിക്കേഷന്‍ വഴി പുറത്തിങ്ങുന്നതിനുള്ള പാസ് സ്വന്തമാക്കാം. പുറത്തിറങ്ങുന്നതിന് അനുമതിയുള്ള സമയമാണെങ്കിൽ തവക്കൽനാ ആപ്പിലെ ക്യൂ-ആർ കോഡ് പച്ച നിറത്തിൽ കാണിക്കും. പുറത്തിറങ്ങാന്‍ ബാക്കിയുള്ള സമയവും ഇതില്‍ ലഭ്യമാകും. ചുവപ്പ് നിറത്തിലാണ് ക്വു.ആര്‍ കോഡെങ്കില്‍ പുറത്തിറങ്ങാന്‍ പാടില്ല.