കോവിഡ് യാത്രാനിയന്ത്രണം മൂലം ദുബൈ വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ ക്രമീകരണം മലയാളികൾ ഉൾപ്പെടെ യാത്രക്കാർക്ക് ബുദ്ധിമുട്ടായി. റാസൽഖൈമയിലേക്ക് പല വിമാന സർവീസുകളും മാറ്റിയതിനാൽ നേരത്തെ പുറപ്പെടേണ്ട സാഹചര്യമാണുള്ളത്. മുൻകൂട്ടി സർവീസുകളുടെ വിവരങ്ങൾ ലഭ്യമാക്കി വേണം യാത്ര തിരിക്കാനെന്ന് അധികൃതർ നിർദേശിച്ചു. ഇൻഡിഗോ, സ്പൈസ് ജെറ്റ്, എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകളാണ് ദുബൈക്കു പകരം ഷാർജ, റാസൽഖൈമ വിമാനത്താവളത്തിലേക്കു മാറ്റിയത്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ വിമാനങ്ങളും മാറ്റിയവയിൽ ഉൾപ്പെടും.
വിമാനങ്ങൾ ഇറങ്ങുന്നതും പുറപ്പെടുന്നതും ഷാർജ, റാസൽഖൈമ വിമാനത്താവങ്ങളിലാണ്. എത്ര ദിവസത്തേക്കാണ് നിയന്ത്രണം എന്നതു സംബന്ധിച്ച് അധികൃതർ വിശദീകരണം നൽകിയിട്ടില്ല. ട്രാവൽ ഏജൻസികളുമായോ എയർലൈൻ ഓഫിസുമായോ ബന്ധപ്പെട്ട് യാത്രക്കു മുെമ്പ വിവരങ്ങൾ അറിഞ്ഞിരിക്കണം. പെെട്ടന്നുണ്ടായ മാറ്റം യാത്രക്കാരെ ശരിക്കും പ്രയാസപ്പെടുത്തി. ക്രിസ്മസിനായി നാട്ടിലേക്കു പോകുന്നവരും യുഎഇയിലേക്കു വരുന്നവരും കുടുങ്ങിയവരിൽ ഉൾപ്പെടും. ദുബൈ, ഷാർജ, അബുദാബി എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർക്കായി വിമാന കമ്പനികൾ സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്.