UAE

ലാഭം മുന്നിൽകണ്ട് ചാർട്ടേഡ് വിമാനം; കെ.എം.സി.സിയിൽ വിവാദം പുകയുന്നു

ഒരു ടിക്കറ്റിന് 200 ദിർഹം വരെ ലാഭമെടുത്താണ് ഷാർജ കെ.എം.സി.സി ടിക്കറ്റ് വിറ്റതെന്ന് ആരോപണം ഉയർന്നിരുന്നു

ഷാർജയിലെയും ദുബൈയിലെയും വിമാന ടിക്കറ്റ് വിൽപനയുമായി ബന്ധപ്പെട്ട് കെ.എം.സി.സിയിൽ വിവാദം പുകയുന്നു. ലാഭം മുന്നിൽകണ്ട് ദുബൈ കെ.എം.സി.സിയുടെ ചാർേട്ടഡ് വിമാനസർവീസ് യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്നുവെന്ന് ഷാർജ കെ.എം.സി.സി ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

ട്രാവൽ ഏജൻസികൾക്ക് ഇരുട്ടടിയായി കെ.എം.സി.സി ടിക്കറ്റ് കച്ചവടം നടത്തുന്നുവെന്ന വാർത്ത പുറത്തുവന്നതോടെയാണ് ദുബൈ ഷാർജ കമ്മിറ്റികൾ തമ്മിലുള്ള ഏറ്റുമുട്ടൽ പരസ്യമായത്. ഒരു ടിക്കറ്റിന് 200 ദിർഹം വരെ ലാഭമെടുത്താണ് ഷാർജ കെ.എം.സി.സി ടിക്കറ്റ് വിറ്റതെന്ന് ആരോപണം ഉയർന്നിരുന്നു. എന്നാല്‍ ടിക്കറ്റ് വിൽപനയുമായി ബന്ധപ്പെട്ട് തന്നെ ആരും പുറത്താക്കിയിട്ടില്ലെന്ന് ഇബ്രാഹിം എളേറ്റിലിനുള്ള മറുപടിയായി അബ്ദുൽ ഖാദർ പറഞ്ഞു.

ദേശീയ സമിതിയുടെ അനുമതിയില്ലാതെ രസീത് അടിച്ചതുമായി ബന്ധപ്പെട്ട് തൽകാലം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറി നിൽക്കണമെന്ന് കത്ത് ലഭിക്കുക മാത്രമാണുണ്ടായത്. ദുബൈ കെ.എം.സി.സി യാത്രക്കാരിൽ നിന്ന് 100 ദിർഹം അധികം വാങ്ങിക്കുന്നതായി ഖാദർ കുറ്റപ്പെടുത്തി. എന്നാല്‍ ദുബൈ കെ.എം.സി.സി നേതാക്കൾ ഇത് നിഷേധിച്ചു.