അമേരിക്കയും യു.എ.ഇയും തമ്മിലുള്ള പ്രതിരോധ സഹകരണം നിരവധി പതിറ്റാണ്ടുകൾ നീണ്ടതാണ്
യു.എ.ഇക്ക് എഫ് 35 യുദ്ധവിമാനങ്ങൾ കൈമാറുന്നതു സംബന്ധിച്ച ചർച്ചകളിൽ കാര്യമായ പുരോഗതിയെന്ന് അമേരിക്ക. നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള തീരുമാനമാണ് ഇസ്രായേലിനും യു.എ.ഇക്കും ഇടയിൽ ഇപ്പോൾ ഉണ്ടായതെന്നും മറ്റു വിഷയങ്ങളിൽ സമവായം രൂപപ്പെടുമെന്നും അമേരിക്ക വ്യക്തമാക്കി.
എഫ് 35 യുദ്ധവിമാനം യു.എ.ഇക്ക് കൈമാറുന്ന കാര്യത്തിൽ ഇസ്രായേൽ, യു.എ.ഇ, അമേരിക്ക എന്നീ രാജ്യങ്ങൾക്കിടയിലെ സംഭാഷണം ഏെറ മുന്നോട്ടു പോയതായി യു.എസ് സ്റ്റേറ്റ് ഡിപാർട്ട്മെൻറ് വക്താവ് മോർഗൻ ഓർടാഗസ് പ്രതികരിച്ചു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പൊംപെയോയുടെ യു.എ.ഇ സന്ദർശനത്തിന്‍റെ ഭാഗമായി പ്രതികരിക്കുകയായിരുന്നു അവർ.
അമേരിക്കയും യു.എ.ഇയും തമ്മിലുള്ള പ്രതിരോധ സഹകരണം നിരവധി പതിറ്റാണ്ടുകൾ നീണ്ടതാണ്. മേഖലയിലെ വെല്ലുവിളികൾ നേരിടാൻ യു.എ.ഇക്ക് പിന്തുണ നൽകുക എന്നത് അമേരിക്കയുടെ മുഖ്യപരിഗണനയിലുള്ള കാര്യമാണെന്നും യു.എസ് വക്താവ് പ്രതികരിച്ചു. അറബ് ലോകവും ഇസ്രായേലും തമ്മിൽ രൂപപ്പെടുന്ന പുതിയ ബന്ധം പശ്ചിമേഷ്യയിൽ വലിയ മാറ്റങ്ങൾ കൊണ്ടു വരുമെന്നും അവർ കൂട്ടിച്ചേർത്തു.