ലോകത്തിന്റെ മറ്റുഭാഗങ്ങളിൽ നിന്ന് ഒറ്റപ്പെട്ട് സ്ഥിതി ചെയ്യുന്ന ചെറിയ ഏഷ്യൻ രാജ്യമാണ് ഭൂട്ടാൻ. ബുദ്ധമത പാരമ്പര്യം കൊണ്ടും ഭൂപ്രകൃതി കൊണ്ടും ഏറെ പ്രത്യേകതകൾ ഉള്ള രാജ്യം. സഞ്ചാരികൾക്ക് ഏറെ ഇഷ്ടപെട്ട വീണ്ടും വീണ്ടും സന്ദർശിക്കാൻ തോന്നുന്ന സന്തോഷത്തിന്റെ പറുദീസയായി ഭൂട്ടാനിനെ വിശേഷിപ്പിക്കാറുണ്ട്. സഞ്ചാരികൾക്ക് ബുദ്ധിമുട്ടൊന്നും കൂടാതെ സന്ദർശിക്കാം എന്നതാണ് ഭൂട്ടാനിനെ വിനോദ സഞ്ചാരികൾക്ക് പ്രിയപെട്ടതാക്കുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന്. കൂടാതെ ഭൂട്ടാനിനെ വ്യത്യസ്തമാക്കുന്ന നിരവധി ഘടകങ്ങൾ വേറെയും ഉണ്ട്.
പരിസ്ഥിതി സംരക്ഷിക്കാൻ ജനങ്ങൾക്ക് ഭരണഘടനാപരമായ ബാധ്യതകളുള്ള ലോകത്തിലെ ആദ്യത്തെ രാജ്യമാണ് ഭൂട്ടാൻ. ഇവിടെ പക്ഷികളെയോ മൃഗങ്ങളെയോ കൊല്ലാൻ അനുവാദമില്ല. എന്നാൽ ഇറക്കുമതി ചെയ്യുന്ന മാംസങ്ങൾ ഇവിടെ ഉപയോഗിക്കുന്നുണ്ട്. പുകയില ഉത്പന്നങ്ങളുടെ വിൽപന നിരോധിച്ച ലോകത്തിലെ ഏക രാഷ്ട്രമാണ് ഭൂട്ടാൻ തന്നെയാണ്. കാർബൺ നെഗറ്റീവ് രാജ്യമെന്നാണ് ഭൂട്ടാൻ അറിയപ്പെടുന്നത്. എന്താണ് കാർബൺ നെഗറ്റീവ് എന്നല്ലേ? പുറന്തള്ളപ്പെടുന്ന കാർബണിന്റെ അളവിനേക്കാൾ കൂടുതൽ കാർബൺ ഡയോക്സൈഡ് ആഗീരണം ചെയ്യുന്നതിനെയാണ് കാർബൺ നെഗറ്റീവ് എന്ന് വിശേഷിപ്പിക്കുന്നത്.