സ്വകാര്യതാ നയത്തില്‍ മാറ്റം പ്രഖ്യാപിച്ച വാട്ട്സ്ആപ്പിനെതിരെ രാജ്യത്ത് ആദ്യ നിയമ നടപടി. അഭിഭാഷകനായ ചൈതന്യ റൊഹില്ലയാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. വാട്ട്സ്ആപ്പിന്‍റെ സ്വകാര്യതാ നയത്തിലെ മാറ്റം സ്വകാര്യത സൂക്ഷിക്കാനുള്ള ഭരണഘടനാ അവകാശത്തിന്‍റെ ലംഘനമാണെന്ന് ആരോപിച്ചാണ് ചൈതന്യ റൊഹില്ല ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.
വാട്ട്സ്ആപ്പ് ഏകപക്ഷീയമായി ഉപഭോക്താക്കളുമായുണ്ടാക്കിയ കരാര്‍ ലംഘിക്കുകയാണ്. പുതിയ മാറ്റങ്ങള്‍ അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഫെബ്രുവരി 8ാം തീയതി മുതല്‍ പ്രവര്‍ത്തനരഹിതമാവുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള അവകാശം ഈ നിബന്ധന വഴി വാട്ട്സ്ആപ്പ് ലംഘിക്കുകയാണെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. ഐ.ടി ആക്ടിന്‍റെ വിവിധ വകുപ്പുകള്‍ ഉപയോഗിച്ച് വാട്ട്സ്ആപ്പിനോട് ഇത്തരം വിവരങ്ങള്‍ മൂന്നാമതൊരാളുമായി കൈമാറരുതെന്ന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ഹര്‍ജി ഇന്ന് ഡല്‍ഹി ഹൈക്കോടതി പരിഗണിച്ചുവെങ്കിലും വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറി. ജസ്റ്റിസ് പ്രതിഭ എം.സിംഗാണ് വാദം കേള്‍ക്കുന്നതില്‍ നിന്നും പിന്മാറിയത്. ഹര്‍ജി മറ്റൊരു ബെഞ്ചിലേക്ക് മാറ്റി. ജനുവരി 18ന് വീണ്ടും വാദം കേള്‍ക്കും.
വാട്ട്സ്ആപ്പിന്‍റെ സ്വകാര്യതാ നയത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. എന്നാല്‍ വിഷയത്തില്‍ വിശദീകരണവുമായി വാട്ട്സ്ആപ്പ് രംഗത്തെത്തിയിരുന്നു, സന്ദേശങ്ങളുടെ ഉള്ളടക്കം സുരക്ഷിതമായിരിക്കുമെന്നും ഫേസ്ബുക്കിന് ഉപഭോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങളോ കോളുകളോ കാണാന്‍ സാധിക്കില്ലെന്നുമായിരുന്നു വാട്ട്‌സ്ആപ്പിന്‍റെ വിശദീകരണം.