Technology

ജിയോ പ്ലാറ്റ്‌ഫോമില്‍ 5,655 കോടിയുടെ നിക്ഷപം നടത്തി അമേരിക്കന്‍ കമ്പനി

ഫേസ്ബുക്ക് ജിയോയുടെ 9.99 ശതമാനം ഓഹരി വാങ്ങി ആഴ്ച്ചകള്‍ക്കകമാണ് പുതിയ നിക്ഷേപവിവരം പുറത്തുവരുന്നത്…

അമേരിക്കന്‍ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ സില്‍വര്‍ ലെയ്ക്ക് ജിയോ പ്ലാറ്റ്‌ഫോമില്‍ 750ദശലക്ഷം ഡോളറിന്റെ(ഏതാണ്ട് 5,655.75 കോടി രൂപ) നിക്ഷേപം നടത്തും. ജിയോക്ക് 65 ബില്യണ്‍ ഡോളര്‍ (4.92 ലക്ഷം കോടി) മൂല്യം കണക്കാക്കിയാണ് സില്‍വര്‍ ലെയ്ക് കരാറിലെത്തിയിരിക്കുന്നത്. ഒരാഴ്ച്ച മുമ്പ് ഫേസ്ബുക്ക് ജിയോയില്‍ 9.99ശതമാനം ഓഹരികള്‍ സ്വന്തമാക്കിയിരുന്നു.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെതന്നെ ഭാഗമായിരുന്ന ജിയോ ഡിജിറ്റല്‍ടെലികോം ബിസിനസുകളെ ഒന്നിപ്പിച്ച് കഴിഞ്ഞ ഒക്ടോബറിലാണ് ജിയോ പ്ലാറ്റ്‌ഫോംസ് എന്ന കമ്പനി രൂപീകരിച്ചത്. സാങ്കേതികരംഗത്തും ഫിനാന്‍സിലും മികവുതെളിയിച്ച സ്ഥാപനമാണ് സില്‍വര്‍ ലെയ്ക്ക്. ആദ്യമായാണ് ഈ കമ്പനി ഇന്ത്യയില്‍ ഇത്ര വലിയ തുക മുതല്‍ മുടക്കുന്നത്.

സില്‍വര്‍ ലേക്കിന്റെ വരവ് എല്ലാ ഇന്ത്യക്കാര്‍ക്കും ഉപകാരപ്രദമാകുമെന്നാണ് പ്രതീക്ഷയെന്നും ഇന്ത്യന്‍ ഡിജിറ്റല്‍ സമൂഹത്തിന്റെ പുരോഗതിക്ക് സില്‍വര്‍ ലേക്കുമായുള്ള ബന്ധം ഗുണം ചെയ്യുമെന്നാണ് കരുതുന്നതെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പ്രതികരിച്ചു.

കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കളായ ഡെല്ലില്‍ 2013ല്‍ നിക്ഷേപം നടത്തുന്നതോടെയാണ് സില്‍വര്‍ ലേക് ശ്രദ്ധിക്കപ്പെടുന്നത്. ഏതാണ്ട് 43 ബില്യണ്‍ ഡോളര്‍ മൂല്യം കണക്കാക്കുന്ന കമ്പനിയാണ് സില്‍വര്‍ ലേക്. എയര്‍ ബിഎന്‍ബി, ആലിബാബ, ട്വിറ്റര്‍ തുടങ്ങിയ നിരവധി സ്ഥാപനങ്ങളിലും സില്‍വര് ലേക് നിക്ഷേപം നടത്തിയിട്ടുണ്ട്.