Technology

നെടുകെ മടക്കി കൈവെള്ളയിൽ വെക്കാവുന്ന ഡിസ്‌പ്ലേ ഫോണുമായി മോട്ടറോള

പരീക്ഷണങ്ങൾ ഒട്ടനേകം നടക്കുന്ന മേഖലയാണ് സ്മാർട്ട്‌ഫോൺ വിപണി. സ്‌ക്രീൻ വലിപ്പത്തിലും ക്യാമറയുടെ ക്ലാരിറ്റിയിലും ഡിസ്‌പ്ലേ മിഴിവിലും പെർഫോമൻസിലുമെല്ലാം ഒന്നിനൊന്ന് മെച്ചമാണ് ഓരോ ബ്രാൻഡുകളും ഇന്ന് പുറത്തിറക്കുന്ന സ്മാർട്ട്‌ഫോണുകൾ. ഏറ്റവുമൊടുവിലായി ഡിസ്‌പ്ലേയിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ ഫോൺ എങ്ങനെ ചെറുതാക്കാമെന്ന ഗവേഷണത്തിലാണ് ടെക്ക്‌ലോകം. കുറുകെ മടക്കാവുന്ന ‘ഗാലക്‌സി ഫോൾഡു’മായി സാംസംഗും ‘മേറ്റ് എക്‌സു’മായി വാവേയും ‘ജി ഫ്‌ളെക്‌സ് എക്‌സു’മായി എൽ.ജിയുമെല്ലാം ഇതിനകം തന്നെ രംഗത്തുവന്നു കഴിഞ്ഞു.

എന്നാൽ, ആറിഞ്ച് ഫോൺ മൂന്നിഞ്ചാക്കി ചെറുതാക്കുന്ന സാങ്കതികവിദ്യയുമായി രംഗത്തുവന്നിരിക്കുകയാണ് മോട്ടറോള. വലിയ ഫോൺ കൊണ്ടുനടക്കുക എന്നത് ഭാരമായി കരുതുന്നവർക്ക് ആശ്വാസമാകുംവിധമാണ് അമേരിക്കയിലെ ലോസ് എയ്ഞ്ചൽസിൽ മോട്ടറോള തങ്ങളുടെ പുതിയ അത്ഭുതക്കുട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്.

പലരും ആഗ്രഹിച്ചിരുന്ന പുതുമയുമായാണ് ലെനവോയുടെ ഉടമസ്ഥതയിലുള്ള മോട്ടറോള തങ്ങളുടെ ‘റേസർ’ ഫോൺ പുറത്തിറക്കുന്നത്. സ്‌ക്രീൻവലിപ്പം ആറിഞ്ചിലേറെയുള്ള ഫോൺ ഡിസ്‌പ്ലേയുടെ നടുകെ മടക്കി കൈവെള്ളയിലൊതുക്കി വെക്കാമെന്നതാണ് പ്രധാന പ്രത്യേകത. പഴയ ഫ്‌ളിപ് ഫോണുകളെ അനുസ്മരിപ്പിക്കുംവിധമുള്ള റേസറിന്റെ മറ്റൊരു സവിശേഷത കോൾ, ടൈം, മ്യൂസിക്ക്, ഗൂഗിൾ അസിസ്റ്റന്റ് തുടങ്ങി ഫോണിലെ അടിസ്ഥാനവിവരങ്ങൾ മടക്കിയാലും പുറമെ നിന്നുതന്നെ ഉപയോഗിക്കാമെന്നതാണ്. ലോസ് എയ്ഞ്ചൽസിൽ പത്രസമ്മേളനത്തിൽ പുറത്തിറക്കിയ ഫോൺ ഇതിനകം തന്നെ ടെക്ക് വിപണിയിൽ താരമായിക്കഴിഞ്ഞു. അടുത്തവർഷം ജനുവരിയിൽ ഫോൺ വിൽപനക്കെത്തുമെന്നാണ് കരുതുന്നത്.

ഒലെഡ് എച്ച്ഡി പ്ലസ് (876×2142 പിക്‌സൽസ്) സ്‌ക്രീൻ ആണ് ഫോണിന്റെ പ്രധാന ഡിസ്‌പ്ലേ, സ്‌ക്രീനിന്റെ രണ്ട് പകുതികൾക്കിടയിൽ ഗ്യാപ് ഇല്ല എന്ന് നിർമാതാക്കൾ പറയുന്നു. ഫോൺ മടക്കിക്കഴിഞ്ഞാൽ പുറത്തുകാണുന്ന ഡിസ്‌പ്ലേ 2.7 ഇഞ്ച് വലുപ്പത്തിലാണ്. സെൽഫിയെടുക്കാനും നോട്ടിഫിക്കേഷനുകൾ കാണാനും മ്യൂസിക് പ്ലേബാക്ക് നിയന്ത്രിക്കാനുമെല്ലാം ഈ കുഞ്ഞുസ്‌ക്രീനടെ കഴിയും.

16 മെഗാപിക്‌സലുള്ള പ്രധാന ക്യാമറ തന്നെ സെൽഫി ക്യാമറയയായും ഉപയോഗിക്കാം. ഫോൺ മടക്കാമെന്നതിനാൽ റിയൽ, സെൽഫി ക്യാമറകളായി ഇതിനെ മാറ്റാനാവും. മുഴുവൻ വലിപ്പത്തിൽ ഫോൺ ഉപയോഗിക്കുമ്പോൾ സെൽഫി എടുക്കണമെങ്കിൽ അഞ്ച് മെഗാപിക്‌സലുള്ള സെൽഫി ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്റ്റോക്ക് ആൻഡ്രോയ്ഡ് 9 പൈ ആണ് ഓപറേറ്റിംഗ് സിസ്റ്റം.

അമേരിക്കയിൽ വെരിസോൺ നെറ്റ്‌വർക്കുമായി സഹകരിച്ചാണ് ഫോൺ പുറത്തിറക്കുന്നത് എന്നതിനാൽ സിം കാർഡ് സ്ലോട്ടുകൾ ഉൾപ്പെടുത്തിയിട്ടില്ല. ഇന്ത്യയിൽ എത്തുമ്പോൾ അവസ്ഥ എന്തായിരിക്കുമെന്നത് വ്യക്തമല്ല. 1499.99 അഥവാ ഏകദേശം 107,400 രൂപയാണ് യു.എസ് മാർക്കറ്റിലെ വില. ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ വില കുറയാനാണ് സാധ്യത.