Technology

തദ്ദേശവല്‍കരിക്കപ്പെടുന്ന ഇന്റര്‍നെറ്റ് അനുഭവങ്ങള്‍

സാങ്കേതിക വിദ്യയുടെ പ്രാരംഭകാലം മുതല്‍ ഉല്‍ഘോഷിച്ചു പോന്നിരുന്ന ഒരു വാദമാണ് അവ ആഗോള തലത്തില്‍ തന്നെ കൊണ്ടുവരാന്‍ ഇടയുള്ള സാംസ്കാരികപരമായ ഏകതാനത. പ്രശസ്ത മാധ്യമ ചിന്തകനായ മാര്‍ഷ്യല്‍ മക്‍ലൂഹന്‍ (Marshal McLuhan) വിഭാവനം ചെയ്ത ‘ആഗോള ഗ്രാമ’ (global village) – ത്തിലേക്കുള്ള ഒരു ചവിട്ടുപടിയായി പോലും പലരും ഈ വളര്‍ച്ചയെ നോക്കിക്കണ്ടു. എന്നാല്‍ സമകാലിക ലോകത്തെ നവമാധ്യമ സംസ്കാരത്തെ വീക്ഷിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുക അന്താരാഷ്ട്രസീമകള്‍ക്ക് അനുസ്യൂതമായി രൂപം കൊണ്ട് വരുന്ന സമാന്തര സംസ്കാരങ്ങളെയാണ്.

സൈബര്‍ സംസ്കാരം എന്നത് ഒരു ജനതയുടെ സാമൂഹികവും, രാഷ്ട്രീയപരവും, ചരിത്രപരവും ആയ അവസ്ഥകളില്‍ നിന്ന് വേറിട്ട്‌ സങ്കല്‍പ്പിക്കാന്‍ കഴിയുന്ന ഒന്നല്ലെന്നാണ് വിവിധ രാജ്യങ്ങളിലെ ഇന്റര്‍നെറ്റ് അനുഭവങ്ങള്‍ വിലയിരുത്തിയാല്‍ മനസ്സിലാക്കാന്‍ കഴിയുക. ഇന്ത്യയിലെത്തന്നെ ഇന്റര്‍നെറ്റ് സംസ്കാരം ഇതിനു ഒരുത്തമ ഉദാഹരണം ആണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ‘സ്മാര്‍ട്ട്‌ ഫോണുകള്‍’ വിറ്റഴിക്കപ്പെടുന്നിടമായ ഇവിടം, ‘വാട്ട്സ്ആപ്പ്’ സമൂഹമാധ്യമത്തിനു ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ ഉള്ള രാജ്യമായതും, യാദൃശ്ചികമല്ല. ജനസംഖ്യയുടെ പകുതിയോളം ഇന്നും സാക്ഷരത കൈവരിച്ചിട്ടില്ലെന്നുള്ള വസ്തുത ഇതോടു ചേര്‍ത്ത് വായിക്കേണ്ടുന്ന ഒന്നാണ്. ചിത്രങ്ങളായും, വീഡിയോകളായും, ശബ്ദരേഖകളായും ഈ ജനത ആശയവിനിമയത്തിന് പുതിയ മാനങ്ങള്‍ വെട്ടിപ്പിടിച്ചു കൊണ്ടിരിക്കുന്നു.