ഇന്‍സ്റ്റഗ്രാമിലെ ഭീകര ചിത്രങ്ങള്‍ കണ്ട് ബ്രിട്ടിനില്‍ കൌമാരക്കാരിയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്ന് പുതിയ നടപടികളുമായി ഇന്‍സ്റ്റഗ്രാം. മോളി റസല്‍ എന്ന വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെ തുടര്‍ന്നാണ് കൂടുതല്‍ ജാഗ്രത പാലിക്കാന്‍ ഇന്‍സ്റ്റഗ്രാം തയ്യാറെടുക്കുന്നത്. ഇന്‍സ്റ്റഗ്രാമിലെയും പിന്‍ററെസ്റ്റിലെയും സ്വയം പരിക്കേല്‍പ്പിക്കുന്നതിന്റെയും ആത്മഹത്യയുടെയും ഭയാനകമായ ചിത്രങ്ങള്‍ കണ്ടാണ് തങ്ങളുടെ മകള്‍ മരിക്കാന്‍ തീരുമാനിച്ചതെന്നാണ് കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നത്.
ഇതോടെ ചില മുന്‍കരുതലുകള്‍ എടുക്കാനാണ് ഫേസ്ബുക്കിന്റെ അധീനതിയിലുള്ള ഇസ്റ്റഗ്രാമിന്റെ തീരുമാനം. സെന്‍സിറ്റിവിറ്റി സ്‌ക്രീനാണ് ഇതില്‍ പ്രധാനം. ആത്മഹത്യ, സ്വയം പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ ക്രൂരമായ ചിത്രങ്ങളും മറ്റും വരുമ്പോള്‍ ഇനി അത് മങ്ങിയ (blur) രീതിയിലായിരിക്കും കാണാനാവുക. ഉപയോക്താവ് വീണ്ടും നിര്‍ദ്ദേശം നല്‍കിയാല്‍ മാത്രമാകും പൂര്‍ണമായും ഇത് കാണുക. കുട്ടികള്‍ക്ക് ഇതൊരു കവചമായി പ്രവര്‍ത്തിക്കുമെന്നാണ് ഫേസ്ബുക്കിന്റെ വിലയിരുത്തല്‍.
ഫേസ്ബുക്കിനുള്ളതു പോലെ കണ്ടന്റ് റിവ്യൂവര്‍മാരുടെ സേവനം കൊണ്ടുവരാനും ശ്രമമുണ്ട്. പെപ്പൈറസ്, സാമറിറ്റന്‍സ് തുടങ്ങിയ സംഘടനകളുടെ സേവനവും സ്വീകരിക്കാനൊരുങ്ങുകയാണ് ഇന്‍സ്റ്റഗ്രാം. ബ്രിട്ടന്റെ ഹെല്‍ത് സെക്രട്ടറി മാറ്റ് ഹാന്‍കോക് ഫേസ്ബുക്കിന് അന്ത്യശാസന നല്‍കിയതിനു ശേഷമാണ് പുതിയ നടപടികള്‍. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിന്റെ പ്രധാന ആപ്പിലും കുട്ടികള്‍ക്ക് വേണ്ടത്ര പ്രതിരോധമില്ലെങ്കില്‍ നിയമത്തിന്റെ വഴി നോക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.