ഫോൾഡബിൾ 5ജി സ്മാർട്ട്ഫോൺ വിപണിയിലിറക്കുന്നതുമായി ബന്ധപ്പെട്ട വാർത്ത ഈയടുത്താണ് വാവെയ് പുറത്തുവിട്ടത്. എന്നാൽ ബാഴ്സലോണയിൽ നടക്കുന്ന മൊബെെൽ വേൾഡ് കോൺഗ്രസിൽ (Mobile World Congress 2019) ഫോണിന്റെ ലോഞ്ചിംഗ് നടത്തുമെന്നാണ് ചെെനീസ് നിർമാതാക്കൾ ഒടുവിലായി അറിയിച്ചിരിക്കുന്നത്. എന്നാൽ ഇറക്കാൻ പോകുന്ന ഫോൾഡബിൾ ഫോണിന്റെ വിലയുള്‍പ്പടെയുള്ള കൂടുതൽ വിവരങ്ങൾ എം.ഡബ്ല്യു.സിക്ക് തൊട്ടു മുൻപ് വിളിച്ച് ചേർക്കുന്ന പ്രസ് മീറ്റിലായിരിക്കും കമ്പനി അറിയിക്കുക.
കഴിഞ്ഞ മാസമാണ് അഞ്ചാം തലമുറ ഫോൾഡബിൾ ഫോൺ അവതിരിപ്പിക്കുമെന്ന വിവരം വാവെയ് പുറത്തുവിട്ടത്. ഹെെസിലിക്കൺ കിരിൻ 980 എസ്.ഒ.സിയും, ബലോംഗ് 5000 മോഡത്തോടും കൂടി പുറത്തിറങ്ങുന്ന ഫോൺ, സാംസങ്ങിന്റേതായി ഈ മാസം പുറത്തിറങ്ങാനിരിക്കുന്ന ഫോൾഡിംഗ് ഫോണുമായി കൊമ്പുകോർക്കാനാണ് എത്തുന്നത്. ഗാലക്സി എസ്10 സീരീസിനൊപ്പം ഫെബ്രുവരി 20ന് ഫോൾഡബിൾ സ്മാർട്ട്ഫോൺ അവതരിപ്പിക്കാനാണ് കൊറിയൻ കമ്പനിയുടെ പദ്ധതി.
7.2 ഇഞ്ച് ഡിസ്പ്ലേയോടു കൂടിയ സ്മാർട്ട്ഫോൺ ഇറക്കാനാണ് വാവെയ് ലക്ഷ്യമിടുന്നതെന്നാണ് ടെക് പോർട്ടലുകൾ റിപ്പോർട്ട് ചെയ്യുന്നത്. ആദ്യ ഘട്ടത്തിൽ 24,000 മുതൽ 30,000 വരെ യൂണിറ്റുകളാണ് പുറത്തിറക്കുക. ഫോൾഡബിൾ ഫോൺ എന്ന പ്രഖ്യാപനവുമായി നേരത്തെ സാംസങ്, എൽ.ജി, ഷവോമി ഉൾപ്പടെയുള്ള സ്മാർട്ട്ഫോൺ നിർമാതാക്കൾ രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് വാവെയുടെ രംഗപ്രവേശം.