Technology

ഐഫോണ്‍ 15 സി പോര്‍ട്ടുകളില്‍ ആന്‍ഡ്രോയിഡ് ചാര്‍ജിംഗ് കേബിളുകള്‍ ഉപയോഗിക്കല്ലേ; മുന്നറിയിപ്പുമായി ചൈന

പുതിയ ഐഫോണ്‍ 15 സീരീസിന്റെ പ്രധാന പ്രത്യേകതകളിലൊന്നായി ആപ്പിള്‍ എടുത്തുകാണിക്കുന്ന മാറ്റമാണ് യുഎസ്ബി ടൈപ്പ് സി പോര്‍ട്ടുകളുടെ വരവ്. എന്നാല്‍ സി ടൈപ്പ് അവതരിപ്പിച്ചപ്പോഴും ആപ്പിളിന്റെ സി ടൈപ്പ് കേബിളുകള്‍ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാണ്. അതിനാല്‍ തന്നെ ഐഫോണ്‍ 15 സീരീസിലെ സി പോര്‍ട്ടുകളില്‍ ആന്‍ഡ്രോയിഡ് ചാര്‍ജിംഗ് കേബിളുകള്‍ ഉപയോഗിക്കുന്നതിനെതിരെ ചൈനയിലെ ചില ആപ്പിള്‍ സ്റ്റോറുകള്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.

ആന്‍ഡ്രോയിഡ് കേബിളുകള്‍ കണക്ട് ചെയ്യുമ്പോള്‍ ഈ ഐഫോണ്‍ മോഡലുകള്‍ ചൂടാകുന്നു എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതിനാല്‍ സുരക്ഷ മുന്‍നിര്‍ത്തി ഐഫോണ്‍ 15 സീരീസില്‍ ആന്‍ഡ്രോയിഡ് കേബിളുകള്‍ ഒഴിവാക്കാന്‍ ചൈനയിലെ ആപ്പിള്‍ സ്റ്റോറുകള്‍ നിര്‍ദേശിക്കുന്നു. ഇന്റര്‍ഫേസുകളുടെ പിന്‍ ക്രമീകരണത്തിലെ വ്യത്യാസങ്ങള്‍ സ്റ്റോര്‍ ചൂണ്ടിക്കാട്ടുന്നു. ആന്‍ഡ്രോയിഡ് കേബിളുകളിലെ സിംഗിള്‍-വരി 9-പിന്‍, സിംഗിള്‍-വരി 11-പിന്‍ കണക്ടറുകള്‍ അമിത ചൂടാകല്‍ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.

സി പോര്‍ട്ട് കൊണ്ടുവന്നെങ്കിലും ആപ്പിളിന്റെ ഔദ്യോഗിക ചാര്‍ജിംഗ് കേബിളുകളുടെ വില്‍പ്പന വര്‍ദ്ധിപ്പിക്കാനുള്ള ശ്രമമായിരിക്കാം ഈ വ്യത്യാസത്തിന് പിന്നിലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആന്‍ഡ്രോയിഡ് കേബിളുകളെക്കാള്‍ ഐഫോണ്‍ കേബിളുകള്‍ക്ക് വില കൂടുതലാണ്. എന്നാല്‍ ഐഫോണ്‍ 15 സീരീസിനൊപ്പം ആന്‍ഡ്രോയിഡ് ചാര്‍ജിംഗ് കേബിളുകള്‍ ഉപയോഗിക്കുന്നതില്‍ ആപ്പിള്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.