Sports

ആർസിബിയ്ക്ക് വീണ്ടും തോൽവി; യുപിയുടെ ജയം 10 വിക്കറ്റിന്

വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തുടർച്ചയായ നാലാം തോൽവി. ഇന്ന് നടന്ന മത്സരത്തിൽ യുപി വാരിയേഴ്സ് ബാംഗ്ലൂരിനെ 10 വിക്കറ്റിനു കീഴടക്കി. ബാംഗ്ലൂർ മുന്നോട്ടുവച്ച 139 റൺസ് വിജയലക്ഷ്യം വെറും 13 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ യുപി മറികടന്നു. അലിസ ഹീലി (96), ദേവിക വൈദ്യ (36) എന്നിവർ പുറത്താവാതെ നിന്നു.

താരതമ്യേന കുറഞ്ഞ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ യുപിക്കായി എലിസ ഹീലിക്കൊപ്പം ദേവിക വൈദ്യ ആണ് ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. ഈ തീരുമാനം വിജയിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ബാംഗ്ലൂരിന് ഒരു അവസരവും നൽകാതെ ഓപ്പണിങ്ങ് ജോഡി കത്തിക്കയറി. 29 പന്തുകളിൽ ഹീലി ഫിഫ്റ്റി തികച്ചു. ഹീലിക്കൊപ്പമെത്തിയില്ലെങ്കിലും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്തും ഇടക്ക് ബൗണ്ടറികൾ നേടിയും ദേവികയും മികച്ചുനിന്നു. 47 പന്തുകളിൽ 18 ബൗണ്ടറിയും 1 സിക്സറും അടങ്ങുന്നതാണ് ഹീലിയുടെ ഇന്നിംഗ്സ്. ദേവിക വൈദ്യ അഞ്ച് ബൗണ്ടറികൾ നേടി.

ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 138 റൺസ് നേടുന്നതിനിടെ 19.3 ഓവറിൽ ഓളൗട്ടായി. 52 റൺസെടുത്ത എലിസ് പെറിയാണ് ബാംഗ്ലൂരിൻ്റെ ടോപ്പ് സ്കോറർ. സോഫി ഡിവൈൻ 34 റൺസെടുത്തു. യുപിക്കായി ദീപ്തി ശർമയും സോഫി എക്ലസ്റ്റണും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.