Sports

വനിതാ പ്രീമിയർ ലീഗ്; മുംബൈ ടീം പരിശീലക സംഘത്തെ പ്രഖ്യാപിച്ചു

വനിതാ പ്രീമിയർ ലീഗിൽ മുംബൈ ടീമിൻ്റെ പരിശീലക സംഘത്തെ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിൻ്റെ മുൻ ക്യാപ്റ്റൻ ഷാർലറ്റ് എഡ്വാർഡ്സ് ആണ് മുഖ്യ പരിശീലക. ഇന്ത്യയുടെ മുൻ ഓൾറൗണ്ടർ ദേവിക പൽശികർ ബാറ്റിംഗ് കോച്ചാവും. ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ ഝുലൻ ഗോസ്വാമിയെ നേരത്തെ ഉപദേശകയായി നിയമിച്ചിരുന്നു. ഝുലൻ തന്നെയാണ് ബൗളിംഗ് പരിശീലക. ഈ മാസം 13നാണ് താരലേലം. 

വനിതാ ടെസ്റ്റ്, ഏകദിന ചരിത്രത്തിൽ ഏറ്റവുമധികം നേടിയ രണ്ടാമത്തെ താരമാണ് ഷാർലറ്റ് എഡ്വാർഡ്സ്. 2017ൽ വിരമിച്ച താരം ഇംഗ്ലണ്ട് ആഭ്യന്തര ടീമായ സതേൺ വൈപേഴ്സ്, വിമൻസ് ഹണ്ട്രഡ് ടീം സതേൺ ബ്രേവ്, വനിതാ ബിഗ് ബാഷിൽ സിഡ്നി സിക്സേഴ്സ് എന്നീ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. അമേരിക്കയുടെ വനിതാ ടീമിനെയും ഷാർലറ്റ് പരിശീലിപ്പിച്ചു. ടി-20 ലോകകപ്പ്, ഏകദിന ലോകകപ്പ് എന്നീ നേട്ടങ്ങൾ ക്യാപ്റ്റനെന്ന നിലയിലും അഞ്ച് ആഷസുകൾ താരമെന്ന നിലയിലും ഷാർലറ്റ് നേടി.

വനിതാ പ്രീമിയർ ലീഗിൽ ഗുജറാത്ത് ജയൻ്റ്സിൻ്റെ പരിശീലകയായി ഓസീസിൻ്റെ മുൻ താരം റേച്ചൽ ഹെയിൻസ് നിയമിതയായിരുന്നു. ബറോഡയുടെ മുൻ താരം ഇന്ത്യൻ വനിതാ ടീമിൻ്റെ മുൻ പരിശീലകനുമായ തുഷാർ അറോത്തെ ബാറ്റിംഗ് പരിശീലകനും അണ്ടർ 19 വനിതാ ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീം പരിശീലക നൂഷിൻ അൽ ഖദീർ ബൗളിംഗ് പരിശീലകയുമാവും. മുൻ ഓസീസ് ക്രിക്കറ്റ് ഗാവൻ ട്വിനിങ്ങ് ആണ് ഫീൽഡിംഫ് പരിശീലകൻ.

ദേശീയ ടീം വൈസ് ക്യാപ്റ്റനായി 6 ലോക ചാമ്പ്യൻഷിപ്പുകൾ നേടിയിട്ടുള്ള റേച്ചൽ കഴിഞ്ഞ സെപ്തംബറിലാണ് വിരമിച്ചത്. 2018, 2020 ടി-20 ലോകകപ്പ് നേടിയ ഓസീസ് ടീമിൽ അംഗമായിരുന്നു. ദേശീയ ജഴ്സിയിൽ 84 ടി-20കൾ കളിച്ചിട്ടുള്ള താരം ഓസീസിൻ്റെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്. വനിതാ ബിഗ് ബാഷിൽ സിഡ്നി തണ്ടറിനായും താരം കളിച്ചു.

വനിതാ ഐപിഎലിനുള്ള പ്ലെയിങ്ങ് ഇലവനിൽ പരമാവധി അഞ്ച് വിദേശതാരങ്ങൾക്ക് കളിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഇതിൽ ഒരു താരം അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നാവണം. ആദ്യ വർഷം 12 കോടി രൂപയാണ് സാലറി ക്യാപ്പ്. വരുന്ന ഓരോ വർഷവും ഇത് ഒന്നരക്കോടി രൂപ വീതം വർധിക്കും. 2027ൽ സാലറി ക്യാപ്പ് 18 കോടിയാവും. അഞ്ച് വർഷത്തെ സൈക്കിളിൽ ആദ്യ മൂന്ന് വർഷം അഞ്ച് ടീമുകളും അടുത്ത രണ്ട് വർഷം ആറ് ടീമുകളുമാവും വനിതാ ഐപിഎലിൽ കളിക്കുക.