Sports

ബ്രെറ്റ് ലീയ്ക്ക് പിന്നാലെ ഉമ്രാൻ മാലിക്കിനായി വാദിച്ച് വസീം അക്രം

ബ്രെറ്റ് ലീയ്ക്ക് പിന്നാലെ ഉമ്രാൻ മാലിക്കിനായി വാദിച്ച് മുൻ പാകിസ്താൻ താരം വസീം അക്രം. ടി-20യിൽ തല്ലുകിട്ടുക സ്വാഭാവികമാണെന്നും ഉമ്രാനെ പിന്തുണയ്ക്കണമെന്നും അക്രം പറയുന്നു. ലോകത്തിലെ ഏറ്റവും മികച്ച കാർ ഉണ്ടായിട്ടും ഇന്ത്യ അത് ഗ്യാരേജിൽ ഇട്ടിരിക്കുകയാണെന്നാണ് ബ്രെറ്റ് ലീ പറഞ്ഞത്.

“നിങ്ങള്‍ അവനെ കാണുന്നുണ്ടോ? ഉമ്രാന്‍ മാലിക്ക്… അവനു വേഗതയുണ്ട്. ഇന്ത്യ അവനെ അയര്‍ലന്‍ഡിലേക്ക് കൊണ്ടുപോയി. പക്ഷേ തല്ലുവാങ്ങി. ടി-20യില്‍ അങ്ങനെ സംഭവിക്കും. എങ്കിലും അവനെ പിന്തുണയ്ക്കണം. നിങ്ങളുടെ സ്ഥാനത്ത് ഞാനാണെങ്കില്‍ അവനെ എപ്പോഴും സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തും. എത്ര കൂടുതൽ കളിക്കുന്നോ, അത്ര മികച്ച താരമായി അവൻ മാറും. ടി-20യിൽ മത്സരപരിചയം വളരെ അത്യാവശ്യമാണ്.”- വസീം അക്രം പറയുന്നു.

ഉമ്രാൻ മാലിക്ക് മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിലാണ് പന്തെറിയുന്നത്. ലോകത്തിലെ ഏറ്റവും മികച്ച കാർ ഉണ്ടായിട്ടും അത് നിങ്ങൾ ഗ്യാരേജിൽ ഇട്ടിരിക്കുകയാണ്. പിന്നെ, ആ കാർ ഉള്ളതുകൊണ്ട് എത് പ്രയോജനം? ഉമ്രാൻ മാലിക്ക് ഇന്ത്യയുടെ ടി-20 ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടേണ്ടതായിരുന്നു. അത് അവൻ ചെറുപ്പക്കാരനാണ്. പക്ഷേ, അവൻ മണിക്കൂറിൽ 150 കിലോമീറ്ററിനു മുകളിൽ പന്തെറിയുന്നു. അതുകൊണ്ട് അവനെ ടീമിലെടുക്കൂ. 140 കിലോമീറ്റർ വേഗതയിൽ പന്തെറിയുന്നതും 150 കിലോമീറ്റർ വേഗതയിൽ പന്തെറിയുന്നതും തമ്മിൽ വ്യത്യാസമുണ്ട്.”- ബ്രെറ്റ് ലീ പറഞ്ഞു.

ടി-20 ലോകകപ്പിൽ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശാർദുൽ താക്കൂർ എന്നിവരിൽ ഒരാളെ പരിഗണിച്ചേക്കുമെന്നാണ് റിപ്പോർട്ട്. മൂവരും ഓസ്ട്രേലിയയ്ക്ക് പറക്കുമെന്നും ഇവരിൽ ഒരാൾ ലോകകപ്പ് ടീമിൽ ഉൾപ്പെടും എന്നുമാണ് റിപ്പോർട്ട്. സംഘം ഒക്ടോബർ 13ന് യാത്ര തിരിക്കുമെന്നാണ് സൂചന.

കൊവിഡ് മുക്തനായ ഷമി ഫിറ്റ്നസ് ടെസ്റ്റ് പാസായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ മികച്ച പ്രകടനം നടത്തിയതോടെയാണ് സിറാജും താക്കൂറും പരിഗണനാ പട്ടികയിൽ ഉൾപ്പെട്ടത്. ലോകകപ്പ് ടീമിൽ സ്റ്റാൻഡ് ബൈ താരമായിരുന്ന ദീപക് ചഹാറിനെ പരുക്കേറ്റതിനെ തുടർന്ന് ടീമിൽ പരിഗണിക്കില്ല. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരക്കിടെ പരുക്കേറ്റ താരം ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്.