യുവേഫ നേഷൻസ് ലീഗ് കിരീടം ഫ്രാൻസിന്. ഫൈനലിൽ സ്പെയിനെ തോൽപിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഫ്രാൻസിന്റെ വിജയം. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ലോക ചാംപ്യന്മാരുടെ തിരിച്ചുവരവ്. ഒയർസബലിന്റെ ഗോളിലൂടെ സ്പെയിൻ ആണ് ലീഡ് എടുത്തത്. എന്നാൽ കരീം ബെൻസമയിലൂടെ സമനില പിടിച്ചു. കളിയുടെ 80 ആം മിനിറ്റിൽ സൂപ്പർ താരം കിലിയൻ എംബാപ്പേ ഫ്രാൻസിന്റെ വിജയഗോൾ നേടുകയായിരുന്നു. (uefa nations league france)
സെമിഫൈനലിൽ ഇറ്റലിയെ കീഴടക്കിയാണ് സ്പെയിൻ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അസൂറികളെ കീഴടക്കിയ സ്പെയിൻ ഇറ്റലിയുടെ അപരാജിത കുതിപ്പിനു കൂടി അവസാനം കുറിച്ചു. 37 മത്സരങ്ങളാണ് ഇറ്റലി പരാജയമറിയാതെ മുന്നേറിയത്. സ്പെയിനു വേണ്ടി ഫെറാൻ ടോറസ് ഇരട്ട ഗോൾ നേടിയപ്പോൾ ലോറൻസോ പെല്ലഗ്രിനിയാണ് ഇറ്റലിയുടെ ആശ്വാസ ഗോൾ നേടിയത്. 42ആം മിനിട്ടിൽ ലിയനാർഡോ ബൊണൂച്ചി ചുവപ്പു കാർഡ് കണ്ട് പുറത്തായത് ഇറ്റലിക്ക് കനത്ത തിരിച്ചടിയായി.
ഫ്രാൻസ് ആവട്ടെ, ബെൽജിയത്തെ 2-3 എന്ന സ്കോറിനു മറികടന്ന് ഫൈനൽ പ്രവേശനം നേടുകയായിരുന്നു. ആദ്യ പകുതിയിൽ രണ്ട് ഗോളിനു പിന്നിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ മൂന്ന് ഗോൾ തിരിച്ചടിച്ചായിരുന്നു ഫ്രാൻസിൻ്റെ ജയം. കരീം ബെൻസേമ, കിലിയൻ എംബാപ്പെ, തിയോ ഹെർണാണ്ടസ് എന്നിവരാണ് ഫ്രാൻസിൻ്റെ ഗോൾ സ്കോറർമാർ. യാനിക് കരാസ്കോ, റൊമേലു ലുക്കാക്കു എന്നിവർ ബെൽജിയത്തിനായി ഗോൾ കണ്ടെത്തി.
ലൂസേഴ്സ് ഫൈനലിൽ ബെൽജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി ഇറ്റലി മൂന്നാം സ്ഥാനം നേടി. നിക്കോളോ ബരേല, ഡൊമിനൊകോ ബെരാർഡി എന്നിവർ ഇറ്റലിക്കായി സ്കോർ ഷീറ്റിൽ ഇടം നേടിയപ്പോൾ ചാൾസ് ഡി കെറ്റെലേർ ആണ് ബെൽജിയത്തിൻ്റെ ആശ്വാസ ഗോൾ നേടിയത്.