യൂറോപ്പ ലീഗിലെ റൗണ്ട് 32വിലെ ആദ്യ പാദ മത്സരങ്ങള്‍ പൂര്‍ത്തിയായി. വരുന്ന 26, 27, 28 ദിവസങ്ങളിലായാണ് രണ്ടാം പാദ മത്സരങ്ങള്‍ നടക്കുക…
യൂറോപ്പ ലീഗ് റൗണ്ട് 32ലെ ആദ്യ പാദത്തില്‍ ഉജ്ജ്വല ജയവുമായി വോള്‍വ്‌സ് ഉദിച്ചുയര്‍ന്നു. ഒരു ഗോള്‍ ജയത്തോടെ അഴ്‌സണല്‍ രക്ഷപ്പെട്ടപ്പോള്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 1-1ന് സമനിലയില്‍ കുരുങ്ങി. ഇന്റര്‍മിലാന്‍, എയിന്റ്‌റാക്ട് ഫ്രാങ്ക്ഫര്‍ട്ട്, ഗെറ്റഫെ, സ്‌പോര്‍ട്ടിംങ് സി.പി, റോമ, ബയര്‍ ലെവര്‍കുസന്‍, ബാസെല്‍, വോള്‍ഫ്ബര്‍ഗ്, റേഞ്ചേഴ്‌സ്, ശക്തര്‍ ഡോണ്‍ടെസ്‌ക്, ഇന്റര്‍മിലാന്‍ എന്നീ ടീമുകള്‍ ആദ്യപാദം വിജയിച്ചു.
ദിയേഗോ ജോട്ടയുടെ ഹാട്രിക്കാണ് വോള്‍വ്‌സിന് ലാലിഗ ടീമായ എസ്പാനിയോളിനെതിരെ ഏകപക്ഷീയമായ നാല് ഗോള്‍ ജയമൊരുക്കി കൊടുത്തത്. 15, 67, 81 മിനുറ്റുകളിലായിരുന്നു ജോട്ടയുടെ ഗോളുകള്‍. റൂബന്‍ നെവ്‌സ് 52ാം മിനുറ്റില്‍ മനോഹരമായ ഒരു വോളിയിലൂടെ നേടിയ ഗോളും എസ്പാനിയോളിന്റെ തോല്‍വിഭാരം കൂട്ടി.
പ്രതിരോധത്തില്‍ ഊന്നിയായിരുന്നു അര്‍ട്ടേറ്റയുടെ അഴ്‌സണല്‍ കളിച്ചത്. ഇത് തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് അഴ്‌സണല്‍ ഗോള്‍ വഴങ്ങാതെ പിടിച്ചു നില്‍കുന്നത്. ഗോളി ബെര്‍ഡ് ലെനോയുടെ ബാറിനു കീഴിലെ മികച്ച പ്രകടനവും അവര്‍ക്ക് തുണയായി. അലക്‌സാന്ദ്രേ ലെക്കസാറ്റെ 81ാം മിനുറ്റില്‍ നേടിയ ഗോളിലൂടെയാണ് ഒളിംപിയാക്കോസിനെതിരെ അഴ്‌സണല്‍ വിജയിച്ചത്.