തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്താകുന്നത്.
യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ ഒളിംപിക് ലിയോണ്‍ പരാജയപ്പെടുത്തി. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ലിയോണ്‍ സിറ്റിയെ വിഴ്ത്തിയത്. ഇത് തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെട്ട് പുറത്താകുന്നത്.
പകരക്കാരനായി ഇറങ്ങിയ മുന്നേറ്റതാരം മൂസ ഡെംബലേയാണ് കളിയിലെ താരം. 79, 87 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച സിറ്റിയെ ഞെട്ടിച്ച് 24-ാം മിനിറ്റില്‍ ലിയോണ്‍ മുന്നിലെത്തി. മാക്സ്വെല്‍ കോര്‍നെറ്റായിരുന്നു ഗോള്‍ നേടിയത്. തുടര്‍ന്ന് ആക്രമിച്ച് കളിച്ചെങ്കിലും ഗോള്‍ നേടാനായില്ല.
രണ്ടാം പകുതിയില്‍ മഹ്‌റസിനെ ഇറകിയതോടെ സിറ്റിക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാനായി. തുടര്‍ന്ന് 69ാം മിനിറ്റില്‍ റഹീം സ്റ്റെര്‍ലിങ്ങിന്റെ പാസില്‍ നിന്ന് മികച്ചൊരു ഷോട്ടിലൂടെ ബെല്‍ജിയന്‍ താരം കെവിന്‍ ഡിബ്രുയിനെയുടെ സമനില ഗോള്‍. എന്നാല്‍ 10 മിനിറ്റിനുള്ളില്‍ തന്നെ പകരക്കാരനായി ഇറങ്ങിയ ഡെംബെലെയുടെ ഗോളില്‍ ലിയോണ്‍ ലീഡ് തിരിച്ചുപിടിച്ചു. കൗണ്ടര്‍ അറ്റാക്കില്‍ നിന്നായിരുന്നു താരത്തിന്റെ ഗോള്‍. നിശ്ചിത സമയം തീരാന്‍ മൂന്നു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ സിറ്റിയുടെ പതനം പൂര്‍ത്തിയാക്കി ഡെംബെലെയുടെ മൂന്നാം ഗോളും. ഗോള്‍കീപ്പര്‍ എഡേഴ്‌സന്റെ പിഴവില്‍ നിന്നായിരുന്നു ഈ ഗോള്‍. സെമിയില്‍ ബയേണ്‍ മ്യൂണിക്കിനെയാകും ലിയോണ്‍ നേരിടുക.